പത്തനംതിട്ട: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും. നാലു കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രസവ ചികിത്സാ സഹായം, ജോലിക്ക് മുന്‍ഗണന എന്നിവയും വാഗ്ദാനം പ്രഖ്യാപിച്ച സര്‍ക്കുലറിലുണ്ട്. 

സീറോ മലബാര്‍ സഭയുടെ പാലാ രൂപത കഴിഞ്ഞദിവസം കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രൂപതാധ്യക്ഷന്റെ പേരിലാണ് സര്‍ക്കുലറുള്ളത്.

പത്തനംതിട്ടയില്‍ അടക്കം കുട്ടികളുടെ എണ്ണം വലിയ തോതില്‍ കുറയുകയാണ്. ജനസംഖ്യയും കുറയുകയാണ്. ഇത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതില്‍ അധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കാന്‍ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ ഉള്‍പ്പെടെ മുന്‍ഗണന നല്‍കും. കൂടാതെ ഇത്തരം കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളിലും ജോലിക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലര്‍ പറയുന്നു. 

content highlights: pathanamthitta diocese offers monetary assistance to families having more children