വീണാ ജോർജ്| Photo: Mathrubhumi
പത്തനംതിട്ട: പത്തനംതിട്ടയില്‍ പാര്‍ട്ടിക്കുള്ളില്‍ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു വിമര്‍ശനം. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു. മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016-ല്‍ തുടങ്ങിയതാണ്. 2016-ലും 2021-ലും തോല്പിക്കാന് ശ്രമിച്ചവര്‍ പാര്‍ലമെന്ററി മോഹം ഉള്ളവരാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടി എതിരല്ലെന്നും ഉദയഭാനു വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി.
വീണാ ജോര്‍ജിന്റെ വിജയം താല്പര്യപ്പെടാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ടെന്ന പരാമര്‍ശം ഉള്‍പ്പെടുന്ന സംഘടനാ റിപ്പോര്‍ട്ട്, പൊതുചര്‍ച്ചയില്‍ വീണാ ജോര്‍ജിന് എതിരെ ഉയര്‍ന്നുവന്ന പരാതികളും വിമര്‍ശനങ്ങളും, ഇവ മാധ്യമവാര്‍ത്തകളായി എന്നീ മൂന്നു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.
പാര്‍ട്ടിയില്‍ കുലംകുത്തികളുണ്ടെന്ന പരാമര്‍ശമാണ് ഇതില്‍ ഏറ്റവും പ്രധാനം. വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി. അവരെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായി. വ്യക്തിഹത്യ ചെയ്തു എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. 2016-ലും 2021-ലും സമാനമായ സ്ഥിതി വീണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കിയത് പാര്‍ലമെന്ററി വ്യാമോഹം ബാധിച്ചിട്ടുള്ള ചിലരാണ്. ഇവര്‍ കുലംകുത്തികളാണ്. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നല്‍കുന്നുണ്ട്.
എം.എല്‍.എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളില്‍ വീണാ ജോര്‍ജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നല്‍കേണ്ടി വരും എന്ന വിധത്തിലേക്കും ചര്‍ച്ച ഉയര്‍ന്നിരുന്നു. പാര്‍ട്ടി വിശ്വാസികള്‍ക്ക് ആര്‍ക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നല്കി.
ജനപ്രതിനിധിയായ ശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്. അതിനാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവര്‍ എത്താന്‍ സമയം എടുക്കും എന്നായിരന്നു ചര്‍ച്ചകള്‍ക്ക് മറുപടി നല്കവേ മുന്‍ ഏരിയാ സെക്രട്ടറി എം. സജികുമാറും പറഞ്ഞു.
content highlights: pathanamthitta cpm protects veena george alleges presence of kulamkuthikal in party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..