മംഗളൂരു/ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വെയ്ക്ക് സമീപമുള്ള ലൈറ്റുകളില്‍ ഇടിച്ചു. ദുബായില്‍നിന്ന് മംഗളൂരുവിലേക്കുവന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് റണ്‍വെ ഗൈഡിങ് ലൈറ്റുകളില്‍ ഇടിച്ചത്.

186 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ഐ.എക്‌സ് 814 വിമാനമാണ് ലൈറ്റുകളില്‍ ഇടിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറിയിട്ടില്ലെന്നും അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഫ്‌ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍മെന്റാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

2010 ല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് 158 പേര്‍ മരിച്ചിരുന്നു. റണ്‍വെ മറികടന്ന് മൂന്നോട്ടുനീങ്ങിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള താഴ്ചയിലേക്കുവീണ് കത്തിയമര്‍ന്നു. എട്ടുപേര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു.