തിരുവനന്തപുരം: ലൈംഗിക ചൂഷണ കേസില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മ. നിയമം നിയമത്തിന്റെ വഴിക്കു പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. 

പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തട്ടെ, ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നവുമല്ല അത്. പാര്‍ട്ടി പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണ്. ആരാണോ കുറ്റം ചെയ്തത്, കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും. അതില്‍ യാതൊരു സംശയവുമില്ല- മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

content highlights:Party will not protect binoy kodiyeri says j mercykutty amma