തിരുവനന്തപുരം: നേതാക്കള്‍ വിട്ടുപോയതിന്റെ സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബഹനാന്‍ എം.പി. കോണ്‍ഗ്രസ് വിട്ട് പോയവരെ ന്യായീകരിക്കുന്നില്ല. എന്നാല്‍ നേതാക്കള്‍ വിട്ടുപോയതിന്റെ സാഹചര്യത്തെ കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി സംവിധാനം തയ്യാറാകണം.

വിഷമമുള്ളവര്‍ക്ക് പറയാന്‍ അവസരം നല്‍കണമെന്നും അവരെ പാര്‍ട്ടിക്കൊപ്പം പിടിച്ചുനിര്‍ത്തണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വിട്ട കെ.പി.അനില്‍കുമാറിനെ നേതാക്കള്‍ തള്ളിയപ്പോഴാണ് വ്യത്യസ്ത ശബ്ദവുമായി യുഡിഎഫ് മുന്‍ കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന്‍ രംഗത്തെത്തിയിരിക്കുന്നത്. 

പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. ഇക്കാര്യം ഗൗരവതരമായി ചര്‍ച്ച ചെയ്യണം. പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ പോകുന്നതിനെ ഹിമാലയത്തില്‍ നിന്ന് മഞ്ഞ് കട്ട അടര്‍ന്ന് പോകുന്നതിനോടാണ് ബെന്നി ബെഹനാന്‍ ഉപമിച്ചത്. കെ. സുധാകരന്‍ സമന്വയത്തിന്റെ പാതയിലാണെന്നും പിണറായുടെ പാദം നക്കാന്‍ തയാറെന്ന് പറഞ്ഞയാളോടുപോലും ആ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച്, മതേതരത്വത്തിന് ദോഷം വരുന്ന നിലപാടിനൊപ്പമല്ല കോണ്‍ഗ്രസെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദത്തില്‍ കോണ്‍ഗ്രസ് പക്ഷം ചേരില്ല. സമൂഹത്തില്‍ മതനേതാക്കള്‍ക്ക് വിഷയങ്ങളില്‍ വ്യത്യസ്ത നിലപാട് ഉണ്ടാക്കാം. വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് പറഞ്ഞതിനോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് മരണങ്ങള്‍ പൂഴ്ത്തിവെച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കോവിഡ് മരണ കണക്കുകളെ അപേക്ഷിച്ച് കേരളത്തില്‍ മരണം കുറവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയുള്ള തട്ടിപ്പാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം നടക്കുന്നത് കേരളത്തിലാണെന്നും അതിന് തെളിവുകളുണ്ടെന്നും ബെന്നി ബെഹനാന്‍ അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നത് പൊട്ടക്കണക്കാണെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികളില്‍ കോവിഡ് പ്രതിദിന സെന്‍സസ് എടുക്കാറുണ്ട്. ആ കണക്ക് സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കോവിഡ് സെന്‍സസ് കണക്കും സര്‍ക്കാര്‍ കണക്കും വ്യത്യസ്തമാണ്. ഇരുകണക്കുകളും തമ്മില്‍ അജഗജാന്തരമാണെന്നും അദ്ദേഹം പറഞ്ഞു. 

മാര്‍ച്ച് 21 മുതല്‍ സെപ്റ്റംബര്‍ 17 വരെ 177 ദിവസത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സെന്‍സസ് പ്രകാരം 1326 കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. തനിക്ക് ഔദ്യോഗികമായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച മരണ കണക്കാണിത്. ഈ കണക്ക് തന്നെയാണ് നിയമപ്രകാരം ആശുപത്രി സര്‍ക്കാരിനെ അറിയിക്കേണ്ടത്. അത് ചെയ്തിട്ടുണ്ടാകും. എന്നാല്‍ മരണ കണക്ക് പുറത്ത് പറയരുതെന്ന് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

കണക്ക് സര്‍ക്കാര്‍ തലത്തിലാണ് മുടിവയ്ക്കുന്നത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും അറിവോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ജില്ല, താലൂക്ക് തലത്തിലുള്ള കോവിഡ് കണക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: party should introspect on the situation where the leaders have left - Benny Behanan