പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
കണ്ണൂര്‍: കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിക്കു കാര്യമായി വളര്‍ച്ച നേടാനായതു കേരളത്തില്‍മാത്രമാണെന്ന് സി.പി.എം. സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. രാജ്യത്താകെയുള്ള അംഗത്വത്തില്‍ പകുതിയിലേറെയും കേരളത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.2017-ലെ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ രാജ്യത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 9,85,757 അംഗങ്ങളായി കുറഞ്ഞു.
കേരളത്തില്‍ 4,63,472 പാര്‍ട്ടിയംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 5,27,174 അംഗങ്ങളായി വര്‍ധിച്ചു. ചുവപ്പുകോട്ടയായിരുന്ന പശ്ചിമബംഗാളില്‍ 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 50,612 പേരേയുള്ളൂ.
ആന്ധ്രാപ്രദേശില്‍ കാല്‍ലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോള്‍ 23,130 ആയും കര്‍ണാടകയില്‍ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു.മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നേരിയ വര്‍ധനയുണ്ടായി. 2017-ല്‍ 12,458 പേരായിരുന്നു മഹാരാഷ്ട്രയിലെ അംഗസംഖ്യ. ഇതിപ്പോള്‍ 12,807 ആയി കൂടി. തമിഴ്നാട്ടില്‍ 2017-ല്‍ 93,780 ആയിരുന്നത് ഇപ്പോള്‍ 93,982 ആയി കൂടി.
ബിഹാറില്‍ 18,590 പേരായിരുന്നത് 19,400 ആയി കൂടി. ഗുജറാത്തില്‍ 3718 ഉള്ളത് 3724 ആയി. ഹിമാചല്‍പ്രദേശില്‍ 2016 പേരുള്ളത് 2205 ആയും വര്‍ധിച്ചു.കര്‍ഷകപ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ പഞ്ചാബിലും നേട്ടമുണ്ടായി. 2017-ല്‍ 7693 ആയിരുന്ന അംഗസംഖ്യ ഇപ്പോള്‍ 8389 ആയി കൂടി. രാജസ്ഥാനില്‍ 2017-ല്‍ 4707 ആയിരുന്നത് 5218 ആയി കൂടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2017-ല്‍ 2023 പേരുണ്ടായിരുന്നത് ഇപ്പോള്‍ 2213 ആയി കൂടിയതാണ് ഡല്‍ഹിയിലെ നാമമാത്ര വര്‍ധന.
തെലങ്കാനയിലാവട്ടെ, 2017-ല്‍ 35,170 അംഗങ്ങളുണ്ടായിരുന്നത് 32,177 ആയി കുറഞ്ഞു. ഉത്തര്‍പ്രദേശ് -5368, ഉത്തരാഖണ്ഡ് -1451, മധ്യപ്രദേശ് -2608, ജാര്‍ഖണ്ഡ് -5185, ഒഡിഷ -3647, ജമ്മുകശ്മീര്‍ -1660, ഛത്തീസ്ഗഢ് -1344, അസം -11,644 എന്നിങ്ങനെയാണ് അംഗങ്ങള്‍. ഇതെല്ലാം 2017-ല്‍നിന്ന് കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്തണം -സംഘടനാ റിപ്പോര്‍ട്ട്
കണ്ണൂര്‍: കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടിയെങ്കിലും പുതിയ സാഹചര്യത്തിലെ ചുമതലകള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ പാര്‍ട്ടിയംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്തണമെന്ന് സി.പി.എം. കേന്ദ്രനേതൃത്വം. ബുധനാഴ്ച തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം.
ഒട്ടേറെ പാര്‍ട്ടിയംഗങ്ങള്‍ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്.അഴിമതി, അഹംഭാവം, ഉദ്യോഗസ്ഥപ്രവണത തുടങ്ങിയ തെറ്റായ നടപടികള്‍ക്കെതിരേ ജാഗ്രതവേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിക്കാമെന്ന നിലപാടിനെത്തുടര്‍ന്ന് പരമ്പരാഗത വോട്ടര്‍മാരില്‍ ഒരുവിഭാഗം പാര്‍ട്ടിയില്‍നിന്നകന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ബി.ജെ.പി.ക്കെതിരേയുള്ള ബദലായി കാണാത്തത് തിരിച്ചടിയായി.
തുടര്‍ഭരണം പുതിയ അനുഭവത്തിനൊപ്പം കൂടുതല്‍ ഉത്തരവാദിത്വങ്ങളും നല്‍കുന്നു. പ്രതികൂലസാഹചര്യത്തിലും സാമ്പത്തികവികസനം നിലനിര്‍ത്താന്‍ സര്‍ക്കാരിനാവണം. കേരള സമൂഹത്തില്‍ ശക്തമായ വലതുപക്ഷവത്കരണം നടക്കുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, സ്ത്രീധനമരണങ്ങള്‍, പിന്തിരിപ്പന്‍ സാമൂഹിക ആചാരങ്ങള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടി.
സംഘടനാപരമായ വളര്‍ച്ചയ്ക്കായി കൊല്‍ക്കത്ത പ്ലീനം കൈക്കൊണ്ടിട്ടുള്ള നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനോ സമയാസമയങ്ങളില്‍ വിലയിരുത്താനോ കഴിയാത്തത് വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടിലെ സ്വയംവിമര്‍ശനം.
Content Highlights: party membership increasing in kerala only says cpm report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..