Image: Mathrubhumi news screen grab
കൊച്ചി: പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടിയതില്‍ സി.പി.എമ്മിനെതിരെ ഹൈക്കോടതി. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഫൂട്ട്പാത്തില്‍ അടക്കം കൊടികള്‍ സ്ഥാപിച്ചതിനാണ് കോടതി വിമര്‍ശനം. ചൊവ്വാഴ്ചയാണ് സി.പി.എം. സംസ്ഥാന സമ്മേളനം എറണാകുളത്ത് ആരംഭിക്കുന്നത്.
ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം സംബന്ധിച്ച് തിങ്കളാഴ്ച ഒരു ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ഫൂട്ട്പാത്തില്‍ അടക്കം കൊടിതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്. ഇതിലാണ് കോടതിയുടെ വിമര്‍ശനം.
കൊടിതോരണങ്ങള്‍ ഫൂട്ട്പാത്തിലും മീഡിയനിലും കെട്ടുന്നതിന് എതിരേ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ എന്തും ആകാമോ എന്ന് കോടതി ചോദിച്ചു. പാര്‍ട്ടി ഇത്തരത്തില്‍ നിയമലംഘനം നടത്തുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഇതാണോ നാം മുന്നോട്ടുവെക്കുന്ന, അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആരാഞ്ഞു.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിനു വേണ്ടി ഹാജരായത്. കേസ് അടുത്ത എട്ടാം തീയതിയിലേക്ക് മാറ്റിവെച്ചു.
Content Highlights: party flags in footpath; high court criticises government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..