എറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെ ഏർപ്പെടുത്തിയ ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കിത്തുടങ്ങി. ചെല്ലാനവും ആലുവയും സമീപത്തെ ഏഴ്പഞ്ചായത്തുകളും ജില്ലയിൽ ആശങ്ക ഉയർത്തിയ ക്ലസ്റ്ററുകളായിരുന്നു. ആലുവയിൽ കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിക്കേണ്ട സാഹചര്യവുമുണ്ടായി.
ആലുവ നഗരസഭയിലെ 11 മുതൽ 15 വരെയുള്ള ഡിവിഷനുകളും 24, 25, 26 ഡിവിഷനുകളും ഒഴികെയുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ചെല്ലാനത്തെ ഒന്നു മുതൽ ആറു വരെയുള്ള വാർഡുകളാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. അതേസമയം ആലുവ മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ തുടരും.
ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെടുന്ന ആലങ്ങാട് പഞ്ചായത്തിൽ 11, 12, 14, 15 വാർഡുകൾ ഒഴികെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുങ്ങല്ലൂർ പഞ്ചായത്തിൽ 3, 4, 5, 7, 8, 12, 14, 15, 18 ഒഴികെയുള്ള വാർഡുകളും കരുമാല്ലൂരിലെ വാർഡ് 11 മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള എല്ലാ മേഖലകളും പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി.
ചെങ്ങമനാട് പഞ്ചായത്തിൽ 8, 18 വാർഡുകൾ മാത്രമേ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണായുള്ളൂ. അതേസമയം, ആലുവ ക്ലസ്റ്ററിൽ കീഴ്മാട്, എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഇപ്പോഴും പൂർണമായും ലോക്ക്ഡൗണിൽ തുടരുകയാണ്.
ഈ ക്ലസ്റ്ററുകളിൽ നിന്ന് കൂടാതെ കുഴുപ്പിള്ളി ഒന്നാം വാർഡ്, തൃപ്പൂണിത്തുറ നഗരസഭ 19-ാം ഡിവിഷൻ, മലയാറ്റൂർ 17-ാം വാർഡ് എന്നീ പ്രദേശങ്ങളും ജില്ലയിൽ ഇന്ന് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.