കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം. ഫോട്ടോ: സി. സനിൽ കുമാർ
ന്യൂഡല്‍ഹി: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് മാനേജ്മെന്റ് വര്‍ദ്ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 30നകം ഫീസ് അടയ്ക്കണമെന്ന് കോളേജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിരുന്നു.
2018 ഓഗസ്റ്റില്‍ തങ്ങള്‍ കോളേജില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ വാദം. 2016 ഒക്ടോബറില്‍ തന്നെ കോളേജ് ഏറ്റെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നതാണ്. അതിനാല്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് മാത്രമേ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ബസവ പ്രഭു പാട്ടീലും അഭിഭാഷകന് വി. കെ. ബിജുവും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഫീസ് മാത്രമേ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ജൂലൈ 28ന് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കോളേജ് മാനേജ്മെന്റും ഉള്‍പ്പെടെയുള്ള എതിര്കക്ഷികള്ക്കായിരുന്നു നോട്ടീസ്. ഈ നോട്ടീസ് നിലനില്‍ക്കെയാണ് ഫീസ് നിര്‍ണ്ണയ സമിതി ശുപാര്‍ശചെയ്ത വര്‍ധിപ്പിച്ച ഫീസ് സെപ്റ്റംബര്‍ 30നകം നല്കാന് കോളേജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം നിയമവിരുദ്ധവും കോടതിയോടുള്ള അവഹേളനവുമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Pariyaram Medical College- Supreme Court has directed that the increased fees should not be charged
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..