രക്ഷിതാക്കൾ മന്ത്രി ആന്റണി രാജുവിനോട് സംസാരിക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ റാഗിങ് പരാതിയെ തുടര്‍ന്ന് രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞായിരുന്നു പ്രതിഷേധം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ റാഗ് ചെയ്തു എന്നാണ് പരാതി. വിഷയം സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഈ സമയത്താണ് മന്ത്രി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയത്. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേള്‍ക്കുകയും ചെയ്തു. റാഗിങ് പരാതിയില്‍ അടിയന്തര നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തില്‍ പ്രിന്‍സിപ്പാള്‍, പിടിഐ പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിന് ശേഷം മാത്രം നടപടി എന്നതാണ് വകുപ്പിന്റെ തീരുമാനം. എന്നാല്‍ കുട്ടികള്‍ക്കുണ്ടായ ദുരനുഭത്തില്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു സ്‌കൂള്‍ അധികൃതരും പറയുന്നു. മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ കുട്ടികളെ സ്റ്റെപ്പില്‍ നിന്ന് തള്ളിയിട്ടുവെന്നും സ്‌കൂള്‍ ബസില്‍ സീറ്റില്‍ ഇരുന്നാല്‍ അതിന് അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും രക്ഷിതാക്കളുടെ പരാതി കേട്ട ശേഷം മന്ത്രി ഉറപ്പ് നല്‍കി. സ്‌കൂള്‍ കൊമ്പൗണ്ടില്‍ സിസിടിവി സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..