പ്രതീകാത്മകചിത്രം | ANI
ഒറ്റപ്പാലം: മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മക്കള്ക്കുനല്കുന്ന സ്വത്തിന്റെ ആധാരമെഴുത്തില് മാറ്റംവരുന്നു. സ്വത്ത് കൈമാറുന്ന അമ്മയെയോ അച്ഛനെയോ മരണംവരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥകൂടി ആധാരത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റുന്നത്.
ഇതിലൂടെ, സ്വത്ത് കൈമാറിയശേഷം അമ്മയെയോ അച്ഛനെയോ സംരക്ഷിക്കാത്ത സ്ഥിതി വരികയാണെങ്കില്‍ വ്യവസ്ഥയുടെ ലംഘനമെന്ന് വിലയിരുത്തി മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ക്ക് ആധാരം റദ്ദാക്കാനുള്ള അധികാരംകിട്ടും. ഇതിനായി പല മെയിന്റനന്‍സ് ട്രിബ്യൂണലുകളും സബ് രജിസ്ട്രാര്‍മാര്‍ക്കും ആധാരമെഴുത്തുകാര്‍ക്കും നിയമബോധവത്കരണം നല്‍കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
സംരക്ഷണം നല്‍കാം എന്ന വ്യവസ്ഥയില്ലാത്ത ആധാരങ്ങള്‍ റദ്ദാക്കരുതെന്ന് ഒരു കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബറില്‍ സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആധാരങ്ങളില്‍ മരണംവരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളും ഭൗതിക ആവശ്യങ്ങളും നല്‍കിയുള്ള സംരക്ഷണത്തിനായാണിത്. 2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമപ്രകാരം ഇവരുടെ പരാതികള്‍ പരിഗണിക്കേണ്ടത് മെയിന്റനന്‍സ് ട്രിബ്യൂണലുകളാണ്. റവന്യൂ ഡിവിഷന് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സബ്കളക്ടര്‍മാരാണ് ട്രിബ്യൂണലുകളുടെ അധ്യക്ഷരാവുക.
സ്വത്ത് സ്വന്തമാക്കിയശേഷം മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതികളാണ് ട്രിബ്യൂണലുകളില്‍ ലഭിക്കുന്നതില്‍ ഭൂരിഭാഗവും. ഇത്തരം പരാതികളില്‍ 2007-ലെ നിയമപ്രകാരം ആധാരം റദ്ദാക്കി സ്വത്ത് മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കുകയാണ് ചെയ്യാറുള്ളത്.
Content Highlights: Parents protection land deed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..