ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം പറഞ്ഞത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച് പുറ്റിങ്ങല്‍ അപകടത്തെ ദേശീയ ദുരന്തങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നാല്‍ ദുരന്തത്തിന്റെ ഗൗരവം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 138.78 കോടിരൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.