കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ആപകടത്തില്‍ പോലീസിനും ജില്ലാഭരണകൂടത്തിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌. അപകടത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പേര്‍ട്ടില്‍ പറയുന്നു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദിത്തം ക്ഷേത്രഭാരവാഹികള്‍ക്കാണെന്നും കരാറുകാര്‍ക്ക് അനുമതി നല്‍കിയത് ക്ഷേത്രഭാരവാഹികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. 

ക്രൈംബ്രാഞ്ച് എസ്.പി. ഡി. ശ്രീധരനായിരുന്നു അന്വേഷണ ചുമതല. കളക്ടറുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ നടത്തിയ മത്സര വെടിക്കെട്ടാണ് ദുരന്തത്തിനിടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം.

കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടും ക്രൈംബ്രാഞ്ച് മാറ്റി. കേസില്‍ പ്രതികളെന്നു കണ്ടെത്തിയ ക്ഷേത്രഭാരവാഹികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ഏപ്രില്‍ 10ന്‌ ഉണ്ടായ അപകടത്തില്‍ 107 പേരാണ് മരിച്ചത്.  350ലേറെ പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.