പറവൂര്‍ : ആനച്ചാല്‍ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പില്‍ക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പറവൂര്‍  കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരന്‍ മകന്‍ അഖില്‍ (27), പറവൂര്‍  പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറമ്പില്‍ അശോകന്‍ മകന്‍ അഖില്‍ (23) എന്നിവരാണ് മരിച്ചത്. 

വൈകിട്ട് അഞ്ചു മണിയോടെ അപകടം. ഇരുവരും സുഹൃത്തുകളായ മനയ്ക്കപ്പടി സ്വദേശികളായ ഷിജുസണ്‍, സാല്‍വിന്‍ എന്നവരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. നാലുപേരും ഒഴിക്കില്‍പ്പെട്ടു. ഷിജുസണും സാല്‍വിനും ചീനവലക്കുറ്റില്‍ പിടിച്ച് രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇവര്‍ ഇവിടെ കുളിക്കാന്‍ എത്തിയിരുന്നു. തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്തിരുന്നതിനാല്‍ അടിയോഴുക്ക് കൂടുതലായിരുന്നു. അടുത്ത് ആള്‍ താമസമില്ലാത്തതിനാല്‍ അപകടം നാട്ടുകാര്‍ അറിഞ്ഞത് വൈകിയാണ്. 

പറവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രണ്ടു പേരുടേയും മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.