കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്താരാഷ്ട്ര ഫോണ്‍ കോളുകളെ മാറ്റിമറിച്ച് ഭീകര പ്രവര്‍ത്തനത്തിന് വരെ ഉപയോഗിക്കാവുന്ന നിരവധി ഉപകരണങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. 713 സിം കാര്‍ഡുകളും നിരവധി കോള്‍ റൂട്ടിംഗ് ഡിവൈസുകളും ഇന്‍വേര്‍ട്ടര്‍ ബോക്‌സുകളും കണ്ടെത്തിയതായി കോഴിക്കോട് ഡിസിപി സ്വപ്നത് എം മഹാജന്‍ ഐ.പി.എസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാള്‍ അറസ്റ്റിലാവുകയും രണ്ട് പേര്‍ ഒളിവില്‍ പോവുകയും ചെയ്തു. കൊളത്തറ സ്വദേശി ജുറൈസ്(26)നെയാണ്  പോലീസ് അറസ്റ്റ് ചെയ്ത്. ഒളിവില്‍ പോയ ഷബീര്‍, പ്രസാദ് എന്നിവരാണ് ഇതിന്റെ ബുദ്ധി  കേന്ദ്രമെന്ന് ഡിസിപി അറിയിച്ചു.

Parallel

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഉപകരണങ്ങള്‍ അന്താരാഷ്ട്ര ഫോണ്‍കോളുകളെ  മാറ്റി മറിക്കാനാണെന്നും പിന്നിലുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്  അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണക്കടത്തോ ഭീകരപ്രവര്‍ത്തനമോ ആയി ഇതിന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട്ടെ  ആറിടത്താണ് ഇന്നലെ പരിശോധന നടന്നത്. കസഭ അംശം സഭ സ്‌കൂളിന് സമീപമുള്ള കെ.എം.എ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലുള്ള മുറി, കോട്ടപറമ്പ് എ.യു.സി ബില്‍ഡിങ്ങിന്റെ എട്ടാം നമ്പര്‍ മുറി, മൂര്യാട് ഉള്ള മുഹമ്മദ് ഹാജി ബില്‍ഡിങ്ങിലെ ഒന്നാം നിലയിലെ മുറി, കരിയാംകുന്ന് ശ്രീനിവാസ് ലോഡ്ജിന് വടക്കുവശമുള്ള കെട്ടിടത്തിലെ ഒന്നാം നിറയിലെ മുറി, ചെറിയ മാങ്കാവ് കോവിലകം റോഡിലെ വടക്കുവശം സ്ഥിതി ചെയ്യുന്ന വി.ആര്‍.എസ് കോംപ്ലക്‌സ് കെട്ടിടത്തിലെ തെക്കുപടിഞ്ഞാറുള്ള മുറി, മെഡിക്കല്‍ കോളേജ് പരിധിയിലെ  മറ്റൊരു കെട്ടിടം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

Parallel

ഫോണ്‍കോളുകളെ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള ഫോണ്‍ കോളുകളായി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഒപ്പം അന്താരാഷ്ട്ര ഫോണ്‍ കോളുകളെ  ലോക്കല്‍ കോളാക്കി മാറ്റുന്ന നിയമവിരുദ്ധ പ്രവര്‍ത്തനവും ഇവര്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.