കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങള്‍ കോഴിക്കോട് നഗരത്തില്‍ ഏഴിലധികം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
 
ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വര്‍ണക്കടത്തുകാരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതില്‍ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട്‌ പറഞ്ഞു.
 
രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാക്കിസ്താന്‍ കേന്ദ്രീകരിച്ചാണ് ടെലിഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പുതുതായി ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം  സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.