കോഴിക്കോട്: ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും ഇളയ മകനും മരിച്ചു. കായലോട്ട് താഴെ റേഷന്‍ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസ്സുകാരന്‍ മകന്‍ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ ഇവരുടെ മറ്റൊരു മകന്‍ സ്റ്റെഫിന്‍(14) വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടു. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് രാജുവിനും കുടുംബത്തിനും തീപ്പൊള്ളലേറ്റത്. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടില്‍നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടില്‍ത്തന്നെയായിരുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാന്‍ പോകുകയായിരുന്ന അയല്‍വാസികള്‍ രാജുവിന്റെ വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന് പ്രാണരക്ഷാര്‍ഥം വീടിനുള്ളില്‍നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന വീട്ടുകാരെയാണ് കണ്ടത്. 

ഉടന്‍തന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. പാനൂരില്‍നിന്ന് അഗ്നിരക്ഷസേനയെത്തിയാണ് തീയണച്ചത്. കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചനിലയിലാണ്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.