തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഒമ്പതംഗ വിശാല ബെഞ്ച് പുനഃപരിശോധന നടത്തുന്നത് ഭക്തജനങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശശികുമാര്‍ വര്‍മ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ബെഞ്ചിന് മുമ്പാകെ പരിഗണിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശികുമാര വർമ്മ കൂട്ടിച്ചേര്‍ത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിങ്കളാഴ്ച മുതലാണ് വിശാല ബെഞ്ച് പരിഗണിക്കുന്നത്. 

ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

1- മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?
2-മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്?
3-മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമാണോ?
4- മതാനുഷ്ടാനങ്ങളില്‍ എന്താണ് ധാര്‍മ്മികത?
5-മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത എന്താണ്?
6-ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം 'ഹിന്ദുക്കളിലെ ഒരു വിഭാഗം' എന്നതിന്റെ അര്‍ത്ഥം എന്താണ്?
7-ഒരു മതവിഭാഗത്തിലും പെടാത്ത ഒരാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമോ?

Content Highlights : Panthalam Palace Representative Sasikumar Varma responding to SC decision on Sabarimala