കോഴിക്കോട്: പന്തളം കൊട്ടാരം അരവണയും അപ്പവും വില്‍ക്കുന്നില്ലെന്ന് കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര വര്‍മ. പന്തളം കൊട്ടാരത്തില്‍ നിന്ന് അപ്പവും അരവണയും വില്‍ക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചാരണം നടക്കുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. 

പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിര്‍വാഹക സമിതിയാണെന്നും അതിന്റെ പേരില്‍ അരവണയോ അപ്പമോ വില്‍ക്കുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. അങ്ങനെ മുമ്പും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. 

പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട് മുപ്പതിലേറേ കുടുംബങ്ങളുണ്ട്. അവരില്‍ ഒരുകുടുംബും കുറച്ചുനാളായി അപ്പവും അരവണയും വില്‍ക്കുന്നുണ്ടെന്നും അതാകാം പ്രചാരണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചുകോയിക്കല്‍ തേവാരപ്പുരയില്‍ ആ കുടുംബമാണ് പൂജാകാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍ ഈ വില്‍പ്പനയുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ബന്ധമില്ലെന്നും ശശികുമാര വര്‍മ വ്യക്തമാക്കി. 

Content Highlights: Sasikumara Varma, Panthalam Palace, Appam, Aravana