കണ്ണൂർ:  പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.  

വാട്‌സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന് പണികൊടുക്കണമെന്ന തരത്തിലുള്ള മെസേജുകള്‍ ഫോണില്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി ബോംബ്, മറ്റ് ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്സ് ആപ്പ് മെസേജുകളിലൂടെയാണ് എന്നാണ് പോലീസിന്റെ അനുമാനം. 

കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് കൊലപാതകത്തിന്റെ നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ലഭിച്ചത്. ഇത് ഷിനോസിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണില്‍ നിന്ന് നിരവധി മെസേജുകള്‍ ഡിലീറ്റ് ആയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. 

ഇരുപത്തിനാല് പേരാണ് ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുള്ളത്. ഇതില്‍ 11 പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത്.

Content Highlights: Panoor Murder case conspiracy was hatched through WhatsApp