പാലക്കാട് വടക്കൻഞ്ചേരി പന്നിയങ്കര ടോൾ ബൂത്തിൽ ടോൾ പിരിക്കാൻ തുടങ്ങുന്നതോടെ പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസ് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കളക്ടറേറ്റില്‍നടന്ന ചര്‍ച്ച പരാജയം. പ്രദേശവാസികളുടെ വാഹനങ്ങള്‍, സ്വകാര്യബസുകള്‍, സ്കൂള്‍ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ടോള്‍നിരക്കില്‍ ഇളവ് നല്‍കണമെന്നതായിരുന്നു ആവശ്യം. വ്യവസ്ഥകളനുസരിച്ച് ഇവയൊന്നും നല്‍കാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന് അധികൃതരും ആറുവരിപ്പാതാ നിര്‍മാണ കരാര്‍കമ്പനി അധികൃതരും യോഗത്തില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഇളവനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയോ ദേശീയപാതാ അതോറിറ്റിയുടെ ഉന്നതതല ഉദ്യേഗസ്ഥര്‍ അനുമതി നല്‍കുകയോ ചെയ്യാതെ ഇളവനുവദിക്കാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന് അധികൃതര്‍ പറഞ്ഞു.
ഇളവനുവദിക്കുന്നവിഷയം നേരത്തേ ദേശീയപാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും നല്കാനാവില്ലെന്നായിരുന്നു നിലപാട്. അതേസമയം, ബുധനാഴ്ചത്തെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന് അധികൃതര്‍ വീണ്ടും ഉന്നത ഉദ്യേഗസ്ഥരെ അറിയിക്കും. തുടര്‍ന്നുള്ള തീരുമാനം രണ്ടുദിവസത്തിനകം കളക്ടറെയും ബന്ധപ്പെട്ടവരെയും അറിയിക്കും.
സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഇളവനുവദിക്കാന്‍ നിര്‍ദേശം നല്കിയാല് ആനുപാതികമായ തുക അവര്‍ നല്‍കേണ്ടിവരും. പ്രദേശവാസികള്‍ക്ക് മാസപ്പാസിന് 285 രൂപയും ബസുകള്‍ക്ക് 50 ട്രിപ്പുകള്‍ക്ക് 9,400 രൂപയുമാണ് പന്നിയങ്കര ടോള്കേന്ദ്രത്തിലെ നിരക്ക്. 285 രൂപ മാസപ്പാസ് എന്നത് ഇതേനിരക്കില്‍ വാര്ഷികപ്പാസാക്കുക, ബസുകളുടെ മാസപ്പാസ് തുക പരമാവധി 3,000 രൂപയാക്കുക എന്നതായിരുന്നു പ്രധാന ആവശ്യങ്ങള്‍. കളക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രമ്യ ഹരിദാസ് എം.പി., പി.പി. സുമോദ് എം.എല്‍.എ., ബസ്സുടമ സംഘടനാ ഭാരവാഹികളായ ജോസ് കുഴുപ്പില്‍, ടി. ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിന്നോട്ടില്ലെന്ന് എം.പി.യും എം.എല്‍.എ.യും
സാധാരണക്കാരായ പ്രദേശവാസികളുടെ ദുരിതം മനസ്സിലാക്കി ടോള്‍നിരക്ക് കുറയ്ക്കാന്‍ കമ്പനി തയ്യാറാവണമെന്ന് രമ്യഹരിദാസ് എം.പി.യും പി.പി. സുമോദ് എം.എല്‍.എ.യും ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചയില്‍ ദേശീയപാതാ അതോറിറ്റി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം മറുപടി നല്‍കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
പ്രതിദിനം 36 ലക്ഷത്തോളം രൂപ കമ്പനിക്ക് വരുമാനമുണ്ട്. അതിനാല്‍ സ്കൂള്‍ ബസുകള്‍ക്കോ പ്രദേശവാസികള്‍ക്കോ ഇളവ് നല്‍കുന്നതിന് തടസ്സമില്ല. രണ്ടുദിവസത്തിനകം നിലപാടറിയിക്കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
താത്കാലിക സൗജന്യം ഇന്ന് പിന്‍വലിക്കും
നിലവില്‍ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ അനുവദിച്ചിട്ടുള്ള താത്കാലിക സൗജന്യം വ്യാഴാഴ്ച പിന്‍വലിക്കുമെന്ന് കരാര്‍കമ്പനി അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പതിനുശേഷം എല്ലാ വാഹനങ്ങളും ടോള്നല്കണം. ടോള്‍പിരിവ് തടസ്സപ്പെടുത്തിയാല്‍ പോലീസ് സംരക്ഷണം വേണമെന്നും ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ടോള്‍നിരക്കില്‍ ഇളവനുവദിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമാകുംവരെ നിലവില്‍ പ്രദേശവാസികള്‍ക്കും സ്വകാര്യബസുകള്‍ക്കും അനുവദിച്ചിട്ടുള്ള താത്കാലിക സൗജന്യം തുടരണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും ഇതംഗീകരിച്ചില്ല.
പ്രദേശവാസികളുടെ വാഹനങ്ങള്‍ തടഞ്ഞു, പന്നിയങ്കരയില്‍ പ്രതിഷേധം
ടോള്‍നിരക്കില്‍ ഇളവനുദിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനുപിന്നാലെ ടോള്നല്കാത്ത വാഹനങ്ങള്‍ പന്നിയങ്കര ടോള്‍പ്ലാസയില്‍ തടഞ്ഞു. താത്കാലിക ഇളവനുവദിച്ചിരുന്ന പ്രദേശവാസികളുടെ വാഹനങ്ങളും ടോറസ് ലോറികളും ബസുകളുമാണ് തടഞ്ഞത്. തുടര്‍ന്ന്, വടക്കഞ്ചേരി ജനകീയവേദി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ വാഹനങ്ങള്‍ കടത്തിവിട്ടു. വ്യാഴാഴ്ചമുതല്‍ സൗജന്യയാത്ര അനുവദിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ജനകീയവേദി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: panniyankara toll plaza
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..