വി. അബ്ദുറഹ്മാൻ, പന്ന്യൻ രവീന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്. ഭാവിയില്‍ മികച്ച മത്സരങ്ങള്‍ കേരളത്തില്‍ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ വരുന്നതില്‍ ഉടക്കുവെക്കുന്ന സമീപനം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യന് കളികാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളില്‍ ഉള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന എന്ന പരാമര്‍ശവും കാണികള്‍ കുറയാന്‍ കാരണമായി. കൂടുതല്‍ ആളുകള്‍ വരാനുള്ള സന്ദര്‍ഭം ഇല്ലാതാക്കുന്നതില്‍ ഈ പരാമര്‍ശവും കാരണമായി എന്നാണ് അനുഭവത്തില്‍ എനിക്ക് തോന്നിയത്. അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലേക്ക് വരില്ല എന്നതാണ് ഇനി ഇതിന്റെ ഫലമായി ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കഴിഞ്ഞ തവണ അഞ്ചു ശതമാനമുണ്ടായിരുന്ന നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ചു. നേരത്തെ കളികള്‍ക്ക് വിനോദനികുതിയില്‍ ഉദാരമായ സമീപനമുണ്ടായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ നാട്ടില്‍ വരാനായിരുന്നു ഈ ഇളവ്. കഴിഞ്ഞ തവണ 40,000ത്തോളം പേര് ടിക്കറ്റെടുത്ത് കളി കണ്ടു. ഇത്തവണ 6,000മായി കുറഞ്ഞു. നികുതി അഞ്ചില്‍ നിന്ന് 12 ശതമാനമായി വര്‍ധിച്ചിട്ടും ആനുപാതികമായി വരുമാനം സര്‍ക്കാരിന് ലഭിച്ചോ?'- പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു.
ലോകകപ്പ് അടുത്ത് തന്നെ വരാനിരിക്കുകയാണ്. അതില്‍ ഒരു മത്സരം കേരളത്തിലും ലഭിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ഇതുപോലൊരു അവസ്ഥയുണ്ടാവുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്. ഉള്ള കളിപോലും നിലയ്ക്കുന്നൊരു സ്ഥിതിയിലേക്ക് ഇത് പോകുന്നത് കായിക പ്രേമികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തെ രാഷ്ട്രീയമായി കാണാന്‍ താാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പന്ന്യന്‍ രവീന്ദ്രന് കായികപ്രേമിയെന്ന നിലയില്‍ അഭിപ്രായം പറഞ്ഞതാണെന്നും വ്യക്തമാക്കി. കളിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുതെന്ന് നേരത്തെ അദ്ദേഹം ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. കാര്യവട്ടത് ഇന്ത്യന്‍ ടീം ശ്രീലങ്കയോട് ഏറ്റമുട്ടിയ മത്സരം ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചതെന്നും ഇത് പരിതാപകരമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
'കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുഃസ്ഥിതിക്ക് കാരണമായിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടു', പന്ന്യന്‍ രവീന്ദ്രന് കുറിച്ചു.
കായിക മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ അദ്ദേഹം നേരത്തേയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പരാമര്‍ശം ഒട്ടും ശരിയായില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ നടക്കുന്ന മത്സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവര്‍ക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവര്‍ പട്ടിണി കിടന്നാലും കളിയോടുള്ള കൂറുകൊണ്ടാണ് കളികാണാനെത്തുന്നത്. പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സര്‍ക്കാരിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പന്ന്യന്റെ പ്രതികരണം.
Content Highlights: pannian ravindran reaction on sports minister v abdurrahman statement on karyavattom odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..