ചെന്നൈ: വീണ്ടും രാഷ്ട്രീയനാടകങ്ങള്‍ക്ക് തമിഴ്നാട് വേദിയാകുമോ എന്ന് സംശയമുണര്‍ത്തുകയാണ് പുതിയ സംഭവവികാസങ്ങള്‍. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചെന്നൈയില്‍ പ്രത്യേക യോഗം ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ ഏഴിന് പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളുടെ ഗ്രൂപ്പ് യോഗം.

പനീര്‍സെല്‍വത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. മുനിസ്വാമി, വൈദ്യലിങ്കം എം.പി., മനോജ് കെ. പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടന്നില്ല എന്ന് യോഗ ശേഷം പുറത്തിറങ്ങിയ വൈദ്യലിങ്കം എം.പി. പറഞ്ഞു.

ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുമുണ്ട്. ഇതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇ.പി.എസും ഒ.പി.എസും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായെന്നും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നു. തന്നെ മുഖ്യമന്ത്രിയാക്കിയത് ജയലളിതയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശശികലയും ആണ് എന്ന് പനീര്‍സെല്‍വം പറഞ്ഞെന്നാണ് വിവരം.

എല്ലാവരേയും മുഖ്യമന്ത്രിയാക്കിയത് ശശികല തന്നെ എന്ന് പളനിസ്വാമി തിരിച്ചടിച്ചു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി എന്ന നിലയില്‍ 11 അംഗ കമ്മിറ്റി രൂപീകരിക്കണം എന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന യോഗവും അംഗീകരിച്ചില്ല. ഇങ്ങനൊരു കമ്മിറ്റി രൂപീകരിച്ച് അതില്‍ തന്റെ പക്ഷത്തുള്ള ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം എന്ന ഉപാധി കൂടി വെച്ചാണ് പനീര്‍ സെല്‍വം 2017-ല്‍ അണ്ണാ ഡി.എം.കെയില്‍ തിരിച്ചെത്തിയത്.

പാര്‍ട്ടിയും ഭരണവും പളനിസ്വാമിയുടെ കയ്യിലാണ്. വിമതനായി നിന്ന് തിരികെ പാര്‍ട്ടിയില്‍ എത്തുമ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പം 11 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് അഞ്ച് ആയി കുറഞ്ഞു. പാര്‍ട്ടിയിലും ഭരണത്തിലും ചില സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പളനിസ്വാമിക്കൊപ്പം പോകുകയായിരുന്നു. ഈ സാഹചര്യത്തില്‍, വിലപേശല്‍ ശേഷി കുറഞ്ഞ പനീര്‍സെല്‍വത്തിനെ എന്തായാലും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയില്ല.

ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടാണ് പനീര്‍സെല്‍വത്തിന്റെ നീക്കങ്ങള്‍. ബി.ജെ.പിയുടെ പിന്തുണ പനീര്‍സെല്‍വത്തിനാണ്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെയില്‍ മധ്യസ്ഥ റോള്‍ വഹിക്കുന്ന ബി.ജെ.പിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് പനീര്‍സെല്‍വമാണ്. നിയമസഭാ തിരഞ്ഞെടുപ്പ്, നേതൃത്വ തര്‍ക്കം, ശശികലയുടെ തിരിച്ചു വരവ്, തുടങ്ങി നിരവധി വെല്ലുവിളികളിലൂടെയാണ് അണ്ണാ ഡി.എം.കെ. കടന്നു പോകുന്നത്. അതിനിടയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധി സങ്കീര്‍ണമാകും.

Content Highlights: Paneer Selvam and Palaniswami trying to become CM- Group war in aiadmk