പരിക്കേറ്റ ദിയ അഷ്റഫ്
കോഴിക്കോട്: കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ചികിത്സയ്ക്കായി ധനസഹായം നൽകാതെ കോഴിക്കോട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. നവംബർ 13-ന് കുന്ദമംഗലത്ത് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ കാരന്തൂർ സ്വദേശിയായ ദിയ അഷ്റഫ് പങ്കെടുത്തിരുന്നു. ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39-കാരിയായ വനിതാ എതിരാളിയോട് മത്സരിക്കുന്നതിനിടെയാണ് ദിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മത്സരത്തിനിടെ ദിയയുടെ കെെമുട്ടിന് മുകളിലെ എല്ലുപൊട്ടി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും ദിയയുടെ വലതു കൈവിരലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ചികിത്സയ്ക്കായി ഇതിനോടകം വലിയ തുക ചെലവായി. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുളളവരെ വിവരം അറിയിക്കുകയും പല തവണ പരാതി നൽകുകയും ചെയ്തിട്ടും അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ലെന്ന് മാത്രമല്ല തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ദിയയുടെ കുടുംബം പറയുന്നു. കേരളോത്സവത്തിന് ഫണ്ട് കുറവാണെന്നും അത് കഴിഞ്ഞിട്ട് പണം എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ നൽകാമെന്നുമായിരുന്നു പഞ്ചായത്തിൽ നിന്നും ലഭിച്ച മറുപടി. കളി ആയാൽ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഇതൊക്കെ കളിയുടെ ഭാഗമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായി ദിയ വ്യക്തമാക്കി.
കോഴിക്കോട് പ്രൊവിഡൻസ് കോളേജ് ബിഎസ്എസി വിദ്യാർഥിയായ ദിയയ്ക്ക് രണ്ട് മാസമായി പരിക്ക് കാരണം ക്ലാസുകളും ഫസ്റ്റ് സെമസ്റ്ററിലെ ഇന്റേണൽ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി. എൻസിസി കേഡറ്റായ ദിയ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് മത്സരത്തിൽ പങ്കെടുത്ത് പരിക്ക് പറ്റിയത്. ഇതോടെ പരേഡിൽ പങ്കെടുക്കാനുള്ള അവസരവും നഷ്ടമായി. ഇനിയും ആറ് മാസമെങ്കിലും ഫിസിയോതെറാപ്പി ചെയ്യണം. ദിവസം 500 രൂപ എങ്കിലും ചെലവ് വരും. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ദിയയുടേയും കുടുംബത്തിന്റേയും ആവശ്യം.
എന്നാൽ, മത്സരസ്ഥലത്തു നിന്ന് ദിയയെ ആശുപത്രിയിലെത്തിക്കുകയും തുടർന്നുള്ള ചെലവുകളും പഞ്ചായത്ത് വഹിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിന്റെ വാദം. കേരളോത്സവത്തിന് ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചത്. ഇതിൽ പരിപാടികളുടെ നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള തുക ദിയയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ കണക്കെടുപ്പ് നടത്താത്തതുകൊണ്ടാണ് തുക നൽകാൻ വൈകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജി അറിയിച്ചു.
Content Highlights: panchayath denies help for girl injured during arm wrestling
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..