തിരുവനന്തപുരം: പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനുള്ള സൗകര്യമില്ലാതെ ഒറ്റമുറി വീട്ടില്‍ ദുരിതജീവിതം നയിക്കുന്ന വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി കുന്നംകുളം പഞ്ചായത്ത്. സ്വകാര്യവ്യക്തി വാങ്ങിനല്കുന്ന സ്ഥലത്ത് വീടുവച്ചുനല്കാനും പഞ്ചായത്ത് തീരുമാനിച്ചു. കുടുംബത്തിന് ഇന്ന് റേഷന്‍കാര്‍ഡ് നല്കിയതായും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് ലൈവിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കുന്നംകുളത്തെ അനീഷയെന്ന 14കാരിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന്റെ വാര്‍ത്ത മാതൃഭൂമി ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നത്. തമിഴ്‌നാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുന്നംകുളത്തെത്തിയ കുടുംബം ഇപ്പോള്‍ നഗരസഭയുടെ ഒന്നരസെന്റ് സ്ഥലത്താണ് കഴിയുന്നത്. 

വാര്‍ത്തയെത്തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തിര യോഗം ചേരുകയായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് കുന്നംകുളം. വീടിനോട് ചേര്‍ന്ന് ശൗചാലയം നിര്‍മ്മിച്ചിനല്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. എന്നാല്‍, കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം വാങ്ങിനല്കാമെന്ന് സ്വകാര്യവ്യക്തി സന്നദ്ധത അറിയിച്ചതോടെ അതിനു വേണ്ട തുടര്‍ സഹായങ്ങള്‍ ചെയ്യാമെന്ന് പഞ്ചായത്ത് അറിയിക്കുകയായിരുന്നു.