ആലപ്പുഴ: അപകടാവസ്ഥയിലായ പാലം പൊളിച്ചു പണിതതിന് പോലീസ് അറസ്റ്റ് ചെയ്ത പഞ്ചായത്ത് മെമ്പർ റിമാൻഡിൽ. ആലപ്പുഴ കൈനകരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബി.കെ. വിനോദാണ് റിമാന്‍ഡിലായത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊതുമുതൽ നശിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്.

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിക്കിടന്ന, കുട്ടമംഗലത്തെ ചാക്കോക്കളം പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊളിച്ചു പണിതതിന് വെള്ളിയാഴ്ചയാണ് വിനോദിനെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിനോദ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

കേസില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ വിനോദിന് പുറമേ നാട്ടുകാരനായ രതീഷിനെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിനോദിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  സി.പി.എം. ഭരിക്കുന്ന കൈനകരി പഞ്ചായത്തില്‍ കൈനകരി വികസന സമിതിയുടെ സ്ഥാനാര്‍ഥിയായാണ് വിനോദ് മത്സരിച്ചത്.

content highlights: panchayat member arrested for reconstructing damaged bridge in alappuzha