കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍.ഐ.എ അന്വേഷിച്ച് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെയാണ് വെറുതെവിട്ടത്. ഇതോടെ കേസില്‍ എന്‍.ഐ.എ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രതികളും കുറ്റവിമുക്തരായി.

ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കാല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. 

കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ എട്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. 

2006ല്‍ ആലുവ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കേസ്. തീവ്രവാദ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് എന്‍.ഐ.എക്ക് വിടുകയായിരുന്നു.

content highlights: panayikulam simi camp case 5 persons acquitted by kerala high court