മലപ്പുറം:  ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏകപക്ഷീയമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ന്യൂനപക്ഷ സ്കോളഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി യോഗം ചേർന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം. എന്നാല്‍ അത് സച്ചാര്‍ കമ്മീഷന്റെ പേരില്‍ വേണ്ട. കോടതിവിധി എതിരെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്‌.

മുസ്ലിം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നൂറ് ശതമാനവും മുസ്ലിം വിഭാഗത്തിന് അർഹതപ്പെട്ട സ്കോളർഷിപ്പായിരുന്നു. എന്നാൽ സച്ചാർ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംവരണത്തിന്റെയും സ്കോളർഷിപ്പിന്റെയും വിഷയത്തിൽ മാത്രമല്ല അന്വേഷണം നടന്നത്. മുസ്ലിം സമുദായം നേരിടുന്ന എല്ലാ പിന്നോക്കാവസ്ഥകളെക്കുറിച്ചും അന്വേഷിക്കുകയുണ്ടായി. സംവരണത്തിൽ അത് പരിഗണിക്കണം എന്നും മുസ്ലിം സമുദായത്തിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

സച്ചാർ കമ്മിറ്റി മുഴുവൻ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന നിലയിലാക്കി. അതിൽ ആരും പ്രതിഷേധിച്ചില്ല. ഇപ്പോൾ അത് വീണ്ടും മാറ്റിയിരിക്കുകയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയിൽ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്ത് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Panakkad sadiqali thangal says minority scholarship wounded muslim community