മലപ്പുറം : ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ്. ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.

"എംപി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനഃപരിശോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. മുസ്ലിം ലീഗ് ഏറ്റവും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. അതില്‍ എല്ലാവരും ദുഃഖിതരാണ്' മൊയീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.

എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. തീരുമാനത്തിനെതിരേ പ്രതിപക്ഷത്ത് നിന്നടക്കം വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തില്‍ നിന്നും സമാനമായ എതിര്‍പ്പ് ഉണ്ടായിരിക്കുന്നത്. 

തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 

Content Highlights: Panakkad moeen ali shihab thangal about PK Kunhalikutty to resign from the Lok Sabha