പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലും എക്കലും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം നടത്തുന്നതാണെന്നും അത് ആര്‍ക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞകാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുരന്ത നിവാരണ നിയമം പ്രയോഗിച്ചാല്‍ ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ല. വനത്തിലൂടെ ഒഴുകുന്ന നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം നിയന്ത്രണം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കളക്ടര്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സ്വകാര്യ കമ്പനികള്‍ക്ക് മണല്‍ വില്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ നദികളില്‍ എക്കല്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. എക്കല്‍ നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ നടപടികള്‍ ഫലപ്രദമായില്ല. സംസ്ഥാനത്തെ പ്രധാന നദികളിലൊന്നാണ് പമ്പാനദി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അവിടെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ എക്കല്‍ നീക്കുന്നതില്‍ കാലതാമസം വന്നു. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് തടസങ്ങള്‍ നീക്കാനാണ്.
വിവാദം എന്തിലും ഉയര്‍ന്നുവരും. എന്നാല്‍ സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കേണ്ടി വരുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും താന്‍ കാര്യങ്ങള്‍ വിശദീകരിച്ചില്ലേ മറ്റുകാര്യങ്ങള്‍ നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയില്ല. രണ്ടു ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ തുറക്കേണ്ട സമയമായിട്ടും സ്‌കൂള്‍ തുറക്കാനാവത്ത അവസ്ഥവന്നു. ജൂലായ് വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ ആ വിടവ് സമൂഹത്തെ ബാധിക്കും. കുട്ടികളുടെ ഭാവിയും താത്പര്യവും പരിഗണിച്ചാണ് പരിപാടി ആസൂത്രണം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്ട് നിരീക്ഷണത്തിലിരുന്ന സ്ത്രീ മരിച്ചകാര്യം ചില വ്യക്തതകള്‍ വരാനുണ്ട്. അതിനെപ്പറ്റി പിന്നീട് പറയാം. തിരുവനന്തപുരത്തെ വൈദികന്റെ മരണത്തിലും ആരോഗ്യവകപ്പ് വ്യക്തത വരുത്തട്ടെ. രോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയേണ്ടകാര്യങ്ങള്‍ ഉണ്ട്. ഞായറാഴ്ചയിലെ സനമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്ന കാര്യം പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Pamba Thriveni: works under DM act can't be stopped - CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..