തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ദേശീയ പാതയുടെ നിർമാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകൾ. ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. 721.21 കോടി രൂപയാണ് പാതയുടെ നിർമാണത്തിനായി ചെലവായതെന്നാണ് ദേശീയപാത അതോറിറ്റിയുടെ രേഖകളിൽ പറയുന്നത്‌. എന്നാൽ 2020 മെയ് മാസം വരെ ടോളായി പിരിച്ചെടുത്തത് 800.31 കോടി രൂപയാണ്.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് എട്ട് വർഷം പിന്നിടുമ്പോൾ ഓരോ വർഷവും ശരാശരി എകദേശം 100 കോടിയോളം തുക ടോളായി പിരിച്ചെടുത്തു കഴിഞ്ഞു. ദേശീയ പാതയുടെ നിർമാണ ചെലവിന് ആനുപാതികമായ തുക പിരിച്ചുകിട്ടിക്കഴിഞ്ഞാൽ പിന്നീട് ടോൾ പിരിവിൽ കുറവ് വരുത്തണമെന്നാണ് നിയമം.

എന്നാൽ ഇക്കാര്യം ഇതുവരെ പാലിയേക്കരയിൽ പ്രാവർത്തികമായിട്ടില്ല. എട്ട് വർഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോൾ കൊടുത്ത് കടന്നുപോയതെന്നാണ് കണക്കുകൾ.

2028 വരെയാണ് ഇവിടെ ടോള്‍ പിരിക്കാന്‍ അനുമതിയുള്ളത്. നിലവിലെ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ 1200 കോടിയോളം രൂപ കമ്പനി പിരിച്ചെടുക്കും.

721.21 കോടി മുടക്കി നിര്‍മിച്ച റോഡിന് വേണ്ടി നിര്‍ദ്ദേശിച്ച കാലാവധി വരെ ടോള്‍ പിരിക്കുമ്പോള്‍ കമ്പനി ജനങ്ങളില്‍ നിന്ന് ഈടാക്കുക ഏകദേശം 2000 കോടിയോളം രൂപയാണ്.

Content Highlights:Paliyekkara Toll Plaza levied more than construction amount from vehicles