ബാരിക്കേഡ് മാറ്റി വാഹനങ്ങൾ കടത്തിവിടുന്ന പ്രവർത്തകർ
പാലിയേക്കര: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ പാലിയേക്കര ടോള്‍ പ്‌ളാസയില്‍ പുതുക്കിയ ടോള്‍ ഈടാക്കിത്തുടങ്ങി. വാഹനങ്ങള്‍ക്ക് പത്തുമുതല്‍ 65 രൂപവരെ ടോള്‍നിരക്ക് കൂടിയിട്ടുണ്ട്. വിവിധയിനം വാഹനങ്ങള്‍ക്കായി 15 ശതമാനംവരെ ടോള്‍നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ടോള്‍നിരക്കില്‍ നേരിയ വര്‍ധന മാത്രമാണ് നടപ്പാക്കിയിരുന്നത്. ഇക്കാര്യം കാണിച്ചുള്ള ടോള്‍ കമ്പനിയുടെ ആവശ്യം ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
കരാര്‍പ്രകാരമുള്ള ദേശീയപാത അനുബന്ധസംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ടോള്‍പിരിവും നിരക്കുവര്‍ധനയും നടപ്പാക്കുന്നതെന്ന ആരോപണം വ്യാപകമാണ്. ഇതിനെത്തുടര്‍ന്ന് ടോള്‍ പ്‌ളാസയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍, ടോള്‍നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.
എ.ഐ.വൈ.എഫ്. ടോള്‍ പ്ലാസ ഉപരോധം
പാലിയേക്കര: കൂട്ടിയ ടോള്‍നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ആറുമണിക്കൂറോളം ടോള്‍ പ്ലാസ സെന്റര്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ട്രാക്കുകളിലെ ഡിവൈഡറുകളും വീപ്പകളും വലിച്ചെറിഞ്ഞു. ടോള്‍ ബൂത്തുകളിലെ ബാരിക്കേഡുകള്‍ തകര്‍ത്തു.
ദേശീയപാത അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവയ്ക്കണം, ടോള്‍ പിരിക്കുന്ന കമ്പനിതന്നെ സുഗമമായ യാത്രാസൗകര്യമൊരുക്കണം എന്നീ ആവശ്യങ്ങളിലായിരുന്നു പ്രതിഷേധക്കാര്‍. ഡെപ്യൂട്ടി കളക്ടര്‍ കെ.എം. പരീത്, മുകുന്ദപുരം തഹസില്‍ദാര്‍ കെ. ശാന്തകുമാരി എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
ഇരുകൂട്ടരും നിലപാടുകളില്‍ പിന്നോട്ടുപോകാന്‍ വിസമ്മതിച്ചതോടെ ചര്‍ച്ച പരാജയമായി. ടോള്‍ അധികൃതര്‍ പോലീസ് സഹായത്തോടെ പ്രതിഷേധത്തെ നേരിടാനുള്ള തീരുമാനത്തിലെത്തി.
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ സമരക്കാര്‍ പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ദേശീയപാത അതോറിറ്റി മണ്ണുത്തി-ഇടപ്പള്ളി പ്രോജക്ട് ഡയറക്ടര്‍ ബിബിന്‍ മധു സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.
കരാര്‍ കമ്പനി അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും സെപ്റ്റംബര്‍ 15-ന് പണികള്‍ തുടങ്ങുമെന്നും പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷമുണ്ടാകുന്ന തകരാറുകള്‍ക്ക് പ്രത്യേകം പിഴയീടാക്കും. ദേശീയപാതയില്‍ റൂട്ട് പട്രോളിങ് ദിവസേന രണ്ടുതവണ വീതമാക്കും. പ്രതിഷേധക്കാര്‍ക്ക് പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാമെന്നും ദേശീയപാത അതോറിറ്റിയെ അറിയിക്കാവുന്നതാണെന്നും ഡയറക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.
എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് പാറേരി, വി.കെ. വിനീഷ്, സി.യു. പ്രിയന്‍, പി.എം. നിക്‌സന്‍, അര്‍ജുന്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Content Highlights: paliyekkara hiked fares have started to be collected; AIYF opened toll booth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..