കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്. 

രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവര്‍ണര്‍ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എജി സി.പി. സുധാകരപ്രസാദ് അടുത്തദിവസം തന്നെ ഗവര്‍ണറെ നേരിട്ടെത്തി കാര്യങ്ങള്‍ ധരിപ്പിക്കും. 

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള വിജിലന്‍സിന്റെ അപേക്ഷ മൂന്നുമാസമായി ഗവര്‍ണറുടെ പരിഗണനയിലാണ്. വിജിലന്‍സ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഗവര്‍ണറുടെ മറുപടി ലഭിച്ചിരുന്നില്ല.

നേരത്തെ ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെയും വിജിലന്‍സ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപേക്ഷയില്‍ അന്തിമതീരുമാനമെടുക്കുകയാണെന്ന സൂചന നല്‍കി എജിയോടും അഭിപ്രായം തേടിയിരിക്കുന്നത്. 

അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇതിനാലാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാര്‍ മുഖേന ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്. 

Content Highlights: palarivattom flyover scam; governor seeks opinion from ag, over probe against vk ibrahim kunju