പ്രതീകാത്മക ചിത്രം | മാതൃഭൂമി
കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു. മാര്‍ച്ച് നാലാം തീയതിയോടുകൂടി പരിശോധന പൂര്‍ത്തിയാക്കും.
പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് ഏതെങ്കിലും തരത്തില്‍ ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാലം തുറന്നുകൊടുക്കാനാവൂ.
19 സ്പാനുകളാണ് പാലാരിവട്ടം മേല്‍പാലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 എണ്ണവും പൊളിച്ചു പണിയേണ്ടി വന്ന സാഹചര്യമായിരുന്നു. ഒരു സ്പാനില്‍ ഭാരപരിശോധന പൂര്‍ത്തിയാക്കാന്‍ 72 മണിക്കൂര്‍ എടുക്കും.
നിലവില്‍ നാലുവാഹനങ്ങളാണ് ഭാരപരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. 30 ടണ്‍ വീതം ഭാഗമുളള രണ്ടുലോറികള്‍ പാലത്തിന്റെ ഒരു ഭാഗത്തും 25 ടണ്‍ ഭാരമുളള രണ്ടുലോറികള്‍ പാലത്തിന്റെ മറുഭാഗത്തും നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. അല്പ സമയം കഴിയുമ്പോള്‍ വാഹനങ്ങളുടെ എണ്ണം ആറാക്കി മാറ്റും. ഇത്തരത്തില്‍ ഭാരം കൂട്ടിക്കൂട്ടിയാണ് പരിശോധന പൂര്‍ത്തിയാക്കുക. ഇപ്രകാരം 220 ടണ്‍ പാലത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യും.
നാലാം തീയതിയോടുകൂടി ഭാരപരിശോധന പൂര്‍ത്തിയാക്കും. തുടര്‍ന്ന് നിര്‍മാണ ചുമതലയുണ്ടായിരുന്ന ഡിഎംആര്‍സി ഈ പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..