കൊച്ചി: പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്കായി  തുറന്നു നല്‍കി. വൈകീട്ട് നാലിന് പൊതുമരാത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറാണ് മേല്‍പ്പാലം തുറന്നു നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. മന്ത്രി ജി.സുധാകരന്റെ വാഹനമാണ് ആദ്യം കടത്തിവിട്ടത്. പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ഇ. ശ്രീധരനെ ജി.സുധാകരന്‍ അഭിനന്ദിച്ചു. ഡിഎം.ആര്‍.സി. ഇ.ശ്രീധരന്‍, ഊരാളുങ്കല്‍ സൊസൈറ്റി എന്നീ കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു മാസവും 10 ദിവസവും കൊണ്ടാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പറഞ്ഞിരുന്നതിലും നേരത്തേ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി.യാണ് നിര്‍മാണ മേല്‍നോട്ടം നടത്തിയത്. തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിച്ചു. വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്തിന്റെ കവിതാ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികളെ പ്രശംസിച്ചത്. അതേസമയം അദ്ദേഹത്തിന്റെ പ്രശംസയില്‍ ഇ.ശ്രീധരന്റെ പേരില്ല എന്നതും ശ്രദ്ധേയമാണ്.

'തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ്? പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?'
മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന്‍ കുറിച്ചു.

ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടെ പ്രയത്നംകൊണ്ടു കൂടിയാണ്. 

പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം ആറ് മാസമാകുന്നതിനു മുന്‍പ് നമുക്ക് പണിതീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്. 

ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കിവച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം തുറന്നുകൊടുത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി. ഇ. ശ്രീധരന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും റാലി നടത്തി.

Content Highlights: palarivattom bridge open-Chief Minister and G. Sudhakaran thanked the workers