തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസും സ്പ്രിംഗ്ലര്‍ കേസും ഒടുവില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുമെന്ന് മുന്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം  പി.കെ കൃഷ്ണദാസ്. ആര്‍.ബാലകൃഷ്ണ പിള്ള അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതല്ലാതെ ആറ് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് പോലും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസും സി പിഎമ്മും തമ്മിലുള്ള ഒത്ത്തീര്‍പ്പ് രാഷ്ട്രീയമാണ് അതിന് പിന്നിലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വലിയൊരു പോര്‍മുഖമായിരുന്നു അന്ന് സി പി എം തീര്‍ത്തത്. എന്നാല്‍ സി പി എം അനിശ്ചിതകാല സമരം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്. കാരണം ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുതിര്‍ന്ന സി പി എം നേതാക്കള്‍ക്ക് ഗൂഡാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാനായിരുന്നു ആ നടപടി. അങ്ങനെ രണ്ട് കേസുകളും തമ്മില്‍ അന്ന് ഒത്തുതീര്‍പ്പിലെത്തുകയാണ് ഉണ്ടായത്. 

പാലാ ഉപതിരഞ്ഞെടുപ്പിനിടെ പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ടവരെ സര്‍ക്കാര്‍ ഭക്ഷണം കഴിപ്പിക്കുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായി. പ്രതിയായ ഇബ്രാഹിംകുഞ്ഞിനെതിരേ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും ഇബ്രാഹിംകുഞ്ഞിനെതിരേ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ രണ്ട് കേസുകളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി പോകുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഭരണപക്ഷത്തിന് പ്രതിപക്ഷത്തേയും തിരിച്ചും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ സാധിക്കും. ഏതെങ്കിലും കേസുമായുള്ള ഒത്തുതീര്‍പ്പിലേക്ക് എത്തുന്നതുവരെ മാത്രമേ സ്പ്രിംഗ്ലറുമായി യു ഡി എഫ് മുന്നോട്ട് പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് ബി ജെ പിയുടെ നിലപാട്. അതാണ് സംസ്ഥാന അധ്യക്ഷന്‍ ആദ്യ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയത്. എന്നാല്‍ സ്പ്രിംഗ്ലര്‍ വിവാദം ഉണ്ടായപ്പോള്‍ തന്നെ ബി ജെ പി തങ്ങളുടെ നിലപാടും വ്യക്തമാക്കിയിരുന്നു. സ്പ്രിംഗ്ലര്‍ അഴിമതി കേസുമായി മുന്നോട്ട് പോകുന്നത് ബി ജെ പി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: palarivattom and sprinkler case will be compromise says pk krishna das