തന്നിഷ്ടക്കാരന്‍, മറ്റാനകളുമായി കൂട്ടില്ല 4 വര്‍ഷമായി വട്ടംചുറ്റിക്കുന്ന പി.ടി.7


ടിജോ ജോസ്

മാങ്ങയും ചക്കയുമാണ് ഇഷ്ടവിഭവം. വിളയുന്ന നെല്ലിന്റെയും പൈനാപ്പിളിന്റെയും മണംപിടിച്ച് രാത്രി കിലോമീറ്ററുകൾ ഏകനായി സഞ്ചരിക്കും. ഈ യാത്രയ്‌ക്കിടെ മുന്നിൽക്കാണുന്ന തടസ്സങ്ങളൊക്കെ തകർക്കും ഇതാണ് പി.ടി.7... നാലുവർഷമായി ധോണിയിലും മുണ്ടൂരിലും ജനങ്ങളെ വട്ടംചുറ്റിക്കുന്ന കാട്ടാന...

'പി.ടി. 7' എന്ന ആന ധോണി കാട്ടിൽ

പാലക്കാട്: ധോണിയിലെയും മുണ്ടൂരിലെയും വനമേഖലയോടുചേർന്ന ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികൾ പുത്തരിയല്ല. 20 വർഷത്തിലേറെയായി ജനവാസമേഖലകളിലേക്ക് നെല്ലും വാഴയും തെങ്ങോലയും തേടി കാട്ടാനക്കൂട്ടങ്ങൾ കാടിറങ്ങാറുണ്ടിവിടെ. അന്നത് ചില പ്രത്യേക കാലങ്ങളിലാണെന്നുമാത്രം. പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും കാടുകയറ്റിവിടുന്ന കൂട്ടങ്ങൾ പിന്നീട് തിരിച്ചിറങ്ങുന്നതും വല്ലപ്പോഴുംമാത്രം.

കഴിഞ്ഞ എട്ടുവർഷമായി സ്ഥിതിമാറി. കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടായും നിരന്തരം ജനവാസമേഖലകളിലേക്ക് എത്തിത്തുടങ്ങി. ഇക്കാലയളവിൽ ഏഴ് ജീവനുകൾ ആനക്കലിയിൽ പൊലിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. ഇതിനുപുറമേ നാലരക്കോടിയുടെ കൃഷിനാശം വേറെ.

2019 മുതൽ പി.ടി.7 (പാലക്കാട് ടസ്കർ ഏഴാമൻ) കൃഷിയിടത്തിലേക്കെത്താറുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനിടെയാണ് ഇവന് ശൗര്യമേറിയത്. കാട്ടിനകത്തേക്ക് വനപാലകരും നാട്ടുകാരുമെത്തി ഓടിച്ചുവിടുന്ന ആന പിറ്റേന്ന് വീണ്ടും കാടിറങ്ങും. ആദ്യം കൂട്ടാനയുമായി എത്തിയിരുന്ന പി.ടി.7-ന് പിന്നീട് തനിയെ കാടിറങ്ങുന്നത് കൗതുകമായി. രാത്രിയിൽ ഇരുട്ടിന്റെ മറപറ്റി ഇറങ്ങുന്ന ഒറ്റയാന് ധോണിയിലും മുണ്ടൂരിലുമുള്ള ഇടവഴികൾപോലും സുപരിചിതം. കൃഷിയിടങ്ങൾ തേടിച്ചെന്ന് കൃഷി നശിപ്പിച്ചും മതിലുകളും വേലികളും തകർത്തും മുന്നേറി.

ഇതിനിടെ കാട്ടാന ആക്രമണത്തിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ പി.ടി.7-നെ പിടിക്കണമെന്നാവശ്യപ്പെട്ട് ഒരുനാട്‌ തന്നെ രംഗത്തിറങ്ങി. ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി.

പി.ടി.7-നെ കാട്ടിലേക്ക് സ്ഥിരമായി തിരിച്ചയയ്ക്കുകയോ അതിന് കഴിഞ്ഞില്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുകയോ വേണമെന്ന് മുഖ്യ വനപാലകൻ ഉത്തരവിട്ടു. ഇതിനായി മുത്തങ്ങയിൽനിന്ന് വനം ചീഫ് വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദ്രുതപ്രതികരണ സംഘവും (ആർ.ആർ.ടി.) ധോണിയിലെത്തി.

ഭരത്, വിക്രം എന്നീ കുങ്കിയാനകൾക്കൊപ്പമാണ് പി.ടി.7 ദൗത്യത്തിന് സംഘം തുടക്കമിട്ടത്. പി.ടി.7-നെ പിടിച്ചാൽ പാർപ്പിക്കാനുള്ള കൂടും ധോണിയിൽ തയ്യാറാക്കി. എന്നാൽ, വയനാട്ടിലിറങ്ങിയ പി.എം.-2 (പന്തല്ലൂർ മെക്കന-2) ആനയെയും നരഭോജി കടുവയെയും പിടിക്കാനായി ദൗത്യസംഘത്തിലെ കൂടുതൽപേർക്കും തിരിച്ചുപോവേണ്ടി വന്നു. അവിെട ദൗത്യംപൂർത്തിയാക്കിയ സംഘം ബുധനാഴ്ച വൈകീട്ട് വീണ്ടും ധോണിയിൽ തിരിച്ചെത്തും; പി.ടി.7-നെ കൂട്ടിലാക്കാനുള്ള തന്ത്രങ്ങളൊരുക്കാൻ.

ശരിക്കും തന്നിഷ്ടക്കാരൻ

ആക്രമണസ്വഭാവവും പ്രത്യേകതകളും കണക്കാക്കി വനം ഡിവിഷൻ അധികൃതരാണ് കാട്ടാനകൾക്ക് പേര് നൽകുന്നത്. ഒറ്റയാനായി ചുറ്റിത്തിരിയുകയും കുറുമ്പ് കാണിക്കുകയും ചെയ്യുന്ന ആനകളെ തിരിച്ചറിയാനാണ് പേര് നൽകുന്നത്. ഇതിന് ചിലപ്പോൾ മാസങ്ങൾനീണ്ട നിരീക്ഷണം വേണ്ടിവരും.

പാലക്കാട് വനംഡിവിഷൻ പരിധിയിലെ ധോണി, മുണ്ടൂർ മേഖലയിൽ ശല്യക്കാരനായി എത്തിയതോടെയാണ് പാലക്കാട് ടസ്കർ ഏഴാമൻ (പി.ടി. 7) എന്ന പേര് ഈ ആനയ്ക്ക് നല്കുന്നത്. കൃഷിയിടങ്ങളിൽ വൻതോതിൽ നാശംവിതയ്ക്കുന്ന ആനയ്ക്ക് വലിപ്പംകുറഞ്ഞ കൊമ്പുകളാണുള്ളത്.

പേര് നൽകുന്ന ആനയുടെ ലക്ഷണങ്ങളും വനംവകുപ്പ് പ്രത്യേകം രേഖപ്പെടുത്തും. കൊമ്പിന്റെ വലിപ്പം, ആകൃതി, തുമ്പിക്കൈയുടെ നീളം, വാലിന്റെ പ്രത്യേകത, ആകാരവടിവ്, കാലിലെ നഖവലിപ്പം, വായുകുംഭം, തലപ്പൊക്കം, ചെവി, കണ്ണിന്റെ നിറം, സ്വഭാവം എന്നിവയിലൂടെ ആനയെ തിരിച്ചറിയാനാവും.

പാലക്കാട് വനംഡിവിഷനിൽ ആക്രമണകാരികളായ ആനകളുടെ പട്ടികയിൽ മുൻനിരയിലുള്ള ആനയാണ് പി.ടി. 7 ധോണി, മുണ്ടൂർ വനമേഖലയിൽത്തന്നെ പാലക്കാട് ടസ്കർ രണ്ടാമൻ (പി.ടി. 2), പാലക്കാട് ടസ്കർ പതിനഞ്ചാമൻ (പി.ടി. 15) എന്നീ ആനകളുണ്ടെങ്കിലും ഇവ അത്രയ്ക്ക് ആക്രമണകാരികളല്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. മുമ്പ് പി.ടി. രണ്ടാമനുമായി കൂട്ടുചേർന്നാണ് പി.ടി. 7 നാട്ടിലിറങ്ങിയിരുന്നത്. പിന്നീട് ഈ കൂട്ട് പിരിഞ്ഞ് പി.ടി. 7 ഒറ്റക്കായി സഞ്ചാരം.

വനംവകുപ്പ് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ ഭരതിനെയും വിക്രമിനെയും എത്തിച്ച് പി.ടി. 7-നെ തുരത്തിയതിനുപിന്നാലെ പി.ടി. 15 ആന ധോണി ജനവാസമേഖലയിലെത്തി. ശാസ്താനഗർ കോളനിയിലൂടെയും സമീപത്തെ റോഡ്, കൃഷിയിടങ്ങൾ എന്നിവയിലൂടെയും ‘പകൽ മാർച്ച്’ നടത്തിയ ‘പി.ടി. 7’ ആനയ്ക്ക് കൂട്ടായി എത്തിയതായിരുന്നു ‘പി.ടി. 15’ കൊമ്പൻ. ഒപ്പം അന്ന് ഒരു പിടിയാനയുമുണ്ടായിരുന്നു.

മറ്റാനകളോട് അധികകാലം കൂട്ടുകൂടാത്ത തന്നിഷ്ടക്കാരനായ ആനയായാണ് വനംവകുപ്പ് പി.ടി. 7-നെ വേർതിരിച്ചിട്ടുള്ളത്. ഇക്കാരണംകൊണ്ടുതന്നെ രണ്ടുദിവസം മാത്രമേ പി.ടി. 15-നെയും പിടിയാനയെയും കൂട്ടിയുള്ള പി.ടി. 7ന്റെ നടപ്പ് തുടർന്നുള്ളൂ.

തുടരുന്ന ദുരിതകഥ

- പി. പ്രജിന

പാലക്കാട്: കാട്ടാനശല്യം. അഥവാ തുടരുന്ന ദുരിതകഥ. പാലക്കാട്ടെ വനമേഖലയോടുചേർന്ന്‌ താമസിക്കുന്നവർക്ക്‌ മാത്രമല്ല ഈ ദുരിതം. കൃഷിയിടങ്ങളും കടന്ന് റെയിൽപ്പാളത്തിനടുത്തേക്കും ദേശീയപാതയോരത്തുംവരെ എത്തി കാട്ടാനകൾ.

പാലക്കാട്ടെ 12 പഞ്ചായത്തുകളിലാണ് കാട്ടാനശല്യം കൂടുതൽ. ജില്ലയിലൊട്ടാകെ എത്ര കാട്ടാനകളുണ്ടെന്നുചോദിച്ചാൽ ഇപ്പോൾ കൃത്യമായ ഉത്തരമില്ല. കാരണം, പുതിയ ആനക്കൂട്ടങ്ങൾ തമിഴ്നാട്ടിൽനിന്നടക്കം പാലക്കാട്ടേക്കെത്തുകയാണ്.

എന്തുകൊണ്ട് കാടിറങ്ങുന്നു

ആനകൾ എന്തുകൊണ്ട്‌ കാടിറങ്ങുന്നുവെന്ന ചോദ്യത്തിന്‌ പലതുണ്ട് വനംവകുപ്പിന്റെ കൈയിൽ ഉത്തരം. കാട്ടിലെ ഭക്ഷ്യലഭ്യതക്കുറവാണ്‌ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മറ്റൊരുകാരണം. കാട്ടുതീ പതിവാകുകയും കാട്ടിൽ പച്ചപ്പുകുറയുകയും ചെയ്തതോടെ തീറ്റതേടി കാട്ടാനകൾ കാടിറങ്ങി. നെല്ലും ചക്കയും തിന്ന് രുചിപിടിച്ച ആനകൾ പതിവായി നാട്ടിലേക്കുവന്നു. ആനത്താരകൾ മനുഷ്യർ കൈയേറിയതോടെ അവ പുതിയവഴികൾ തേടി. വഴിമുടക്കിയവരെ ആക്രമിച്ചു. ആനകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

സ്ഥാനം കൈയടക്കുന്നവർ

രണ്ടുവർഷമായി പുതിയ ആനക്കൂട്ടങ്ങൾ പാലക്കാട് ഡിവിഷൻ പരിധിയിലെ പ്രദേശങ്ങൾ കൈയടക്കിത്തുടങ്ങിയിട്ട്. ഇതിന്‌ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് നേരത്തേയുണ്ടായിരുന്ന ആനകളുടെ തിരോധാനമാണ്.

പാലക്കാട് ടസ്കർ (പി.ടി.) രണ്ട്, അഞ്ച്, ഒൻപത്, പത്ത് എന്നിവയാണ് കൊട്ടേക്കാട്, മലമ്പുഴ, വാളയാർ മേഖലകളിൽ ചുറ്റിക്കറങ്ങി കൃഷിനാശം വിതച്ചവരിൽ പ്രധാനികൾ. കൊലകൊല്ലിയായ പി.ടി. 14-ഉം ഈ പട്ടികയിലുണ്ട്. പി.ടി. അഞ്ച്, 14 എന്നിവയൊഴികെ ബാക്കി മൂന്നും പലപ്പോഴായി ചരിഞ്ഞു. ആ സ്ഥാനത്തേക്കാണ് പുതിയകൂട്ടം എത്തിയതെന്നാണ് വനപാലകർ പറയുന്നത്.

മണ്ണാർക്കാട് ഡിവിഷൻ പരിധിയിലെ ‘പീലാണ്ടി’ എന്ന കാട്ടാനയെ 2018-ൽ പിടിച്ചശേഷം അതിന്റെസ്ഥാനത്ത് മറ്റാനകൾ എത്തി. പിന്നീടുള്ള മൂന്നുവർഷത്തിനിടെ 21 പേരുടെ ജീവൻ മേഖലയിൽ കാട്ടാനക്കലിയിൽ നഷ്ടമായി.

നാടുകടന്നവർ തിരിച്ചെത്തി

ഒരുകൊമ്പ് ഉയർന്നും മറ്റൊരു കൊമ്പ് താഴ്ന്നും നിൽക്കുന്നതിനാൽ നാട്ടുകാർ വിളിച്ച പേരാണ് ചുരുളിക്കൊമ്പൻ. വനപാലകർ നൽകിയ പേര് ‘പി.ടി. 5’. മറ്റൊരു ശല്യക്കാരൻ ‘പി.ടി. 14’. മദപ്പാട് കാലത്ത് ഉൾക്കാട്ടിലേക്കു മടങ്ങിയ പി.ടി. അഞ്ചാമനും 14 -ാമനും വാളയാർ ഭാഗത്തേക്കു തിരിച്ചെത്തി. ഇവയുടെ സാന്നിധ്യം വനപപാലകർ ഉറപ്പിച്ചു.

ഒക്ടോബർ-നവംബർ മുതൽ മദപ്പാട് തുടങ്ങുന്ന ഇവ വർഷങ്ങളായി മദപ്പാട് കാലത്ത് കാടുകയറും. പിന്നീട് തിരിച്ചെത്തുകയാണ് പതിവ്. പി.ടി. അഞ്ചാമൻ മധുക്കരയിലേക്കും 14 -ാമൻ തമിഴ്നാട് അതിർത്തിയായ ആനക്കട്ടി ഭാഗത്തേക്കുമാണ് പോകുന്നത്. പിന്നീട് തിരിച്ചെത്തുകയും ചെയ്യും.

പോംവഴിയെന്ത്

സ്ഥിരം ദ്രുതകർമസേനയാണ് (ആർ.ആർ.ടി.) പോംവഴിയായി ജീവനക്കാർ മുന്നോട്ടുവെക്കുന്നത്. നിലവിൽ, ഒലവക്കോട്ടുമാത്രമാണ് ഔദ്യോഗിക ദ്രുതകർമസേന ഉള്ളത്. അഗളി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ പേരിനുമാത്രം ഒരു സേനയെ രൂപവത്കരിച്ചിരിക്കുകയാണ്. ഇവർക്ക് വാഹനമോ ആയുധങ്ങളോ ഇല്ല. പടക്കവും കുറുവടികളുമായി വേണം ആനക്കൂട്ടത്തിനുമുന്നിലേക്കിറങ്ങാൻ.

റെയിൽപ്പാളവേലിയാണ് മറ്റൊരുവഴി. സൗരോർജവേലിയും സൗരതൂക്കുവേലിയുമെല്ലാം പാലക്കാട്ടെ ആനകൾ മറികടന്നുകഴിഞ്ഞു. കിടങ്ങുകൾ കുഴിച്ചെങ്കിലും അറ്റകുറ്റപ്പണിയില്ലാതായതോടെ തൂർന്നുപോയി. വാളയാറിൽ റെയിൽപ്പാളവേലി നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും ഫണ്ട് അപര്യാപ്തത ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചമട്ടാണ്.

സ്ഥിരം ദ്രുതകർമസേനയെ രൂപവത്കരിച്ചാൽ കാട്ടാനകൾ പുറത്തിറങ്ങാതെ വനാതിർത്തിയിൽതന്നെ തടയാം. അവ വരുത്തുന്ന കൃഷിനാശവും കുറയ്ക്കാം. നഷ്ടപരിഹാര ഇനത്തിൽ ചെലവാകുന്ന തുക വകുപ്പിന്‌ ലാഭിക്കാനാവും. 2020 മുതൽ മണ്ണാർക്കാട് ഡിവിഷൻ പരിധിയിലെ അട്ടപ്പാടിയിൽ മാത്രം നഷ്ടപരിഹാരമായി വിതരണംചെയ്തത് 40 കോടി രൂപയാണെന്ന് ജീവനക്കാർ പറയുന്നു. പാലക്കാട് ഡിവിഷനുകീഴിൽ 9.5 കിലോമീറ്റർ ദൂരം സൗര തൂക്കുവേലി നിർമിക്കാൻ 53.2 ലക്ഷം രൂപയാണ് വനംവകുപ്പ് ചെലവഴിച്ചത്.

ഡോ. അരുൺ സക്കറിയയും സംഘവും ഇന്ന് ധോണിയിൽ

പാലക്കാട്: ജനവാസകേന്ദ്രങ്ങളിൽനിന്ന് തിരിച്ചുപോകാൻ മടിക്കുന്ന പാലക്കാട് ടസ്കർ ഏഴാമൻ (പി.ടി. 7) കാട്ടാനയെ പിടികൂടാൻ വയനാട്ടിൽനിന്ന്‌ വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയും 20 അംഗ സംഘവും ബുധനാഴ്ച ധോണിയിലെത്തും. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം രണ്ടുദിവസത്തിനുള്ളിൽ ദൗത്യത്തിലേക്ക് കടക്കുമെന്നാണ് സൂചന.

പി.ടി. 7-നെ പാർപ്പിക്കാനുള്ള കൂട് ധോണിയിൽ പൂർണസജ്ജമായിക്കഴിഞ്ഞു. രാത്രിയും പുലർച്ചെയും മാത്രം ജനവാസമേഖലയിലേക്കെത്തുന്ന ആനയുടെ സ്വഭാവമാണ് ദൗത്യ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രാത്രി മയക്കുവെടിയുതിർത്ത് ആനയെ പിടിക്കുന്നത് പ്രായോഗികമല്ല. ദൗത്യം നിർവഹിക്കാൻ മറ്റൊരുമാർഗം പുലർച്ചെവരെ ആനയെ വനത്തിനുള്ളിലേക്ക് അധികം കയറ്റിവിടാതെ വനാതിർത്തിയോടുചേർന്ന് തടഞ്ഞുനിർത്തുകയെന്നതാണ്. ഇതിനുകഴിഞ്ഞാൽ മയക്കുവെടി വെയ്ക്കുന്നത് എളുപ്പമാവും. മുത്തങ്ങയിൽനിന്നെത്തിയ കുങ്കിയാനകളായ ഭരത്, വിക്രം എന്നിവയുടെ സഹായത്തോടെ ഇതിനുകഴിയും. എന്നാൽ, വെടിയേറ്റശേഷം ആന ജനവാസമേഖലകൾ ലക്ഷ്യമാക്കി നീങ്ങിയാൽ പ്രശ്നമാവും.

പകൽ ആന വിശ്രമിക്കുന്ന വരക്കുളം ഭാഗത്തെ കാട്ടിലെത്തി മയക്കുവെടി വെയ്ക്കുന്നതാണ് മറ്റൊരുവഴി. കയറ്റിറക്കങ്ങളുള്ള ഈ മേഖലയിൽ ഇത്തരമൊരു ദൗത്യത്തിന് റിസ്ക് കൂടുതലാണെന്ന് വനപാലകർ പറയുന്നു. എളുപ്പത്തിൽ ദൗത്യം നടപ്പാക്കാനുള്ള മാർഗം വിദഗ്ധസംഘം വിശദമായി ചർച്ച നടത്തിയാവും തീരുമാനിക്കുക.

മയക്കുവെടിയേറ്റ് ഓടുന്ന ആനയെ പിന്തുടരുന്നതിനും മറ്റുമുള്ള കുങ്കിയാനകളുടെ സംഘം സജ്ജമാണ്. ആനകൾ ഇതിനോടകം ധോണിയിലെ കാടും പരിസരങ്ങളും പരിചയപ്പെട്ടു കഴിഞ്ഞു. ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ആർ.ആർ.ടി. സംഘവും നടപടിക്കൊരുങ്ങിക്കഴിഞ്ഞു. മയങ്ങുന്ന ആനയെ വടംകൊണ്ട് ബന്ധിച്ച് നിയന്ത്രിക്കാൻ പരിചയസമ്പത്തുള്ള ദൗത്യസേനാംഗങ്ങളും സംഘത്തിലുണ്ട്. ആനയെ നിയന്ത്രിച്ച് നേരിട്ട് കൂട്ടിലെത്തിക്കുന്നതിനും വാഹനത്തിൽ കയറ്റി കൂട്ടിലെത്തിക്കുന്നതിനും വൈദഗ്‌ധ്യമുള്ളവരുടെ സേവനവും ദൗത്യം പൂർത്തിയാക്കുന്നതിന് അനിവാര്യമാണ്.

പി.ടി. 7 ആന തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും ധോണിയിലെ ജനവാസമേഖലകളിലിറങ്ങിയെങ്കിലും ആർ.ആർ.ടി. സംഘവും നാട്ടുകാരും ബഹളമുണ്ടാക്കി കാട്ടിലേക്ക് തിരിച്ചയച്ചു.

Content Highlights: palakkadan tusker pt 7 wild elephant specialties mango jack fruit pineapple paddy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented