പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. 

രാവിലെ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പാലക്കാട് നഗരത്തിലും മറ്റിടങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ചില കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്കായി ചില ടാക്‌സി വാഹനങ്ങളും സര്‍വീസ് നടത്തുന്നു. 

ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കില്ലെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹര്‍ത്താല്‍ ദിനാചരണം മാത്രമാണ് നടത്തുന്നതെന്നും എല്ലാവരും ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചിരുന്നു. 

Content Highlights: udf hartal starts in palakkad, as a part of protest in walayar case