ചിതലി പീച്ചറോട്ടിൽ വെള്ളത്തിലേക്ക് മുങ്ങിയ മണ്ണുമാന്തിയന്ത്രത്തിലെ ഡ്രൈവർ ബിനുവിനുവേണ്ടി നടത്തിയ രക്ഷാപ്രവർത്തനം, ഇൻസൈറ്റിൽ ബിനു
കുഴൽമന്ദം: പാറമടയിലെ വെള്ളക്കെട്ടിലേക്കുമറിഞ്ഞ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ ക്യാബിനിൽക്കുടുങ്ങി ശ്വാസംമുട്ടി മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി പരേതനായ നാരായണന്റെ മകൻ ബിനുവാണ് (39) മരിച്ചത്. ചിതലി പീച്ചറോട്ടിലെ പാറമടയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.
പാറമടയിലെ വെള്ളം പമ്പുചെയ്തുകളയാൻ മണ്ണുമാന്തിയന്ത്രത്തിന്റെ കപ്പിൽ ഡീസൽ മോട്ടോർവെച്ച് വെള്ളത്തിൽ ഇറക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം നിർത്തിയഭാഗത്തെ മണ്ണിടിഞ്ഞ് താഴുകയായിരുന്നെന്ന് കുഴൽമന്ദം പോലീസ് പറഞ്ഞു. 40 അടിയോളം താഴ്ചയിൽ വെള്ളമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ മണ്ണുമാന്തിയുടെ ചില്ലുക്യാബിൻ പൊട്ടിച്ച് ബിനുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വാഹനം ആഴത്തിലേക്ക് താഴ്ന്നു. പാലക്കാട് അഗ്നിരക്ഷാസേനയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമെത്തി ബിനുവിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.
ആലത്തൂർ അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ എ. ആദർശ്, സേനാംഗങ്ങളായ കെ.ആർ. അശോക്, ആർ. മധു, ജി. ദേവപ്രകാശ്, എ. പ്രമോദ്, കെ. രതീഷ്, കെ. വിനീഷ്, സി. ഷിനോജ്, പാലക്കാട് സ്കൂബാ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ ജി. ജിബു, പി. പ്രവീൺ, സി. കൃഷ്ണദാസ്, ബെന്നി കെ.ആൻഡ്രൂസ്, സി.എസ്. പ്രദീപ് കുമാർ, കുഴൽമന്ദം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി. ഗിരീഷ് കുമാർ, പി. കുമാരൻ, കെ. ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
ബിനുവിന്റെ അമ്മ: കമലം. ഭാര്യ: സീത. മകൻ: ഋതുനന്ദ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച.
Content Highlights: palakkad tragedy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..