.jpg?$p=a66623d&f=16x10&w=856&q=0.8)
പി.കെ. കൃഷ്ണദാസ് | Photo: Mathrubhumi
കണ്ണൂര്‍: മന്ത്രിയും സി.പി.എം .കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന്റെ പ്രസ്താവന ഇടത്- ജിഹാദി സഖ്യം വെളിപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമായ വര്‍ഗ്ഗീയതയെന്നും അതിനെ പ്രതിരോധിക്കാനാണെന്ന പേരിലാണ് ന്യൂനപക്ഷ വര്‍ഗീയതയെന്നും ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടാകുന്നതെന്നും പറയുക വഴി മന്ത്രി ന്യൂനപക്ഷ വര്‍ഗീയതയെ തഴുകിത്തലോടുകയും ഭീകരവാദികളെ വെള്ളപൂശുകയുമാണ് ചെയ്യുന്നത്- കൃഷ്ണദാസ് പ്രസ്താവനയില്‍ ആരോപിച്ചു.
എസ്.ഡി.പി.ഐക്കു വേണ്ടി സി.പി.എം. നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ്. എസ്.ഡി.പി.ഐ. പ്രവര്ത്തകന് പാലക്കാട് കൊലചെയ്യപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആര്.എസ്.എസിന്റെ തലയില്‍കെട്ടിവെക്കാന്‍ വ്യഗ്രത സി.പി.എം. നേതാക്കള്‍ക്കായിരുന്നെന്നും കൃഷ്ണദാസ് പറഞ്ഞു.
എസ്.ഡി.പി.ഐയുടെ മെഗാഫോണായി സി.പി.എം. നേതാക്കള്‍ മാറുകയാണ്. ആര്.എസ്.എസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നുവെന്ന ഭാവത്തില്‍ ഭീകരവാദികളെ ചിറകിന്‍കീഴില്‍ സംരക്ഷിക്കുകയാണ് സി.പി.എം. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെയും പോലീസിന്റെയും സംരക്ഷണം എസ്.ഡി.പി.ഐക്ക് ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഈ ഇടത് -തീവ്രവാദ സഖ്യത്തിനെതിരെ ബി.ജെ.പി. അതിശക്തമായി രംഗത്തെത്തും. ഭൂരിപക്ഷ സമുദായത്തെ ആക്ഷേപിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..