പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

ആലത്തൂര്‍ സ്‌റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകള്‍ ഷീജയ്ക്ക് അക്രമത്തില്‍ പരിക്കേറ്റതായി വിവരങ്ങളുണ്ട്. ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്ഷീജ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

palakkad murder
കൊല്ലപ്പെട്ട പ്രേമകുമാരിയും സ്വാമിനാഥനും

കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ കൊല്ലപ്പെട്ടതായി പുലര്‍ച്ചെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്.  അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു. അതേസമയം തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നുവെന്നാണ് വിവരം.  എന്നാല്‍ ഈ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സ്വാമിനാഥന്‍ പോലീസിന് പരാതി നല്‍കിയിരുന്നത്.

കൊലപാതകത്തിന് കുഴല്‍മന്ദം, കോട്ടായി, ആലത്തൂര്‍ പോലീസ് സ്‌റ്റേഷനുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്ന സ്വാമിനാഥന്റെ പരാതിയെ പിന്തുടര്‍ന്നാകും അന്വേഷണമെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലാരാണെന്നതിന്റെ സൂചന പോലീസിന് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കൊലപാതകസംഘത്തില്‍ രണ്ടിലേറെപ്പേര്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല തെളിവു നശിപ്പിക്കാനായി അക്രമികള്‍ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയതായി കണ്ടെത്തിയിട്ടുണ്ട്.