വിനിഷ, പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പാലക്കാട്: പാലക്കാട് ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞ് ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അകത്തേത്തറ ധോണി പപ്പാടി വൃന്ദാവൻ ശ്രീവത്സത്തിൽ വത്സൻ-വിജി ദമ്പതിമാരുടെ മകൾ വിനിഷ (30) കഴിഞ്ഞ 11-ന് ആണ് മരിച്ചത്. ചാലക്കുടി സ്വദേശി സിജിലിന്റെ ഭാര്യയാണ് വിനിഷ. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് പിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രസവം കഴിഞ്ഞ ഉടനെ വിനിഷയുടെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്രസവം നടന്ന ആശുപത്രിയിൽനിന്ന് കൂടുതൽ സൗകര്യങ്ങളുള്ള കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ബന്ധുക്കളുടെ പരാതി ഉയർന്ന സാഹചര്യത്തിൽ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ടൗൺ സൗത്ത് പോലീസ് ആവശ്യപ്പെട്ടു. യുവതിയുടേത് അസ്വാഭാവിക മരണമായി കണക്കാക്കി കേസെടുത്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു. വിവാഹശേഷം ഗൾഫിൽ ഭർത്താവ് സിജിലിനൊപ്പമായിരുന്ന വിനിഷ അടുത്തിടെ പ്രസവത്തിനായാണ് നാട്ടിലെത്തിയത്.
Content Highlights: palakkad lady death after delivery infant baby too dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..