കൊച്ചി: മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഏറ്റുമുട്ടലിന് തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ ഉടന്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹമാണ് സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് ഏറ്റുമുട്ടലിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയത്. വിഷയത്തില്‍ പോലീസിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഏതെങ്കിലും കുറ്റകൃത്യം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഏറ്റുമുട്ടലില്‍ തണ്ടര്‍ബോള്‍ട്ട് സേന ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങളായി നടന്ന വെടിവെപ്പില്‍ ഉപയോഗിച്ച മുഴുവന്‍ ആയുധങ്ങളും പരിശോധനയ്ക്ക് അയക്കണമെന്നാണ് നിര്‍ദ്ദേശം. പരിശോധനാ ഫലം എത്രയും വേഗ പാലക്കാട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കണം.
മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും വിരലടയാളങ്ങള്‍ ശേഖരിച്ചതിന് ശേഷം ആകണം നിയമപ്രകാരം മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടത്. ഏത് സാഹചര്യത്തിലാണ് വെടിവെപ്പ് നടന്നതെന്നത് സംബന്ധിച്ച ഒരു അഭിപ്രായപ്രകടനവുമായും കോടതിയുടെ ഈ ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്ന വരിയോടുകൂടിയാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തോട് കോടതി പൂര്‍ണമായും യോജിച്ചില്ല. അതിനാലാണ് നിലവില്‍ അന്വേഷണം നടത്തുന്ന സംഘത്തോട് ഇക്കാര്യങ്ങളിലും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. പിന്നീട് എപ്പോഴെങ്കിലും ഇക്കാര്യത്തില്‍ പരാതിക്കാര്‍ക്ക് സംശയങ്ങളോ എതിര്‍പ്പുകളോ ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Highlights: Palakkad Encounter; must examine Thunderbolt's weapons says HC