പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനെയാണ് പോലീസ് പിടികൂടിയത്. 

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.  പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതകം നടന്ന വീട്ടില്‍ ഇവരെ കൂടാതെ മകന്റെ ഭാര്യയായ ഷീജയുമുണ്ടായിരുന്നു.

രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി നിലയില്‍ ഷീജയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. 

അവശനിലയിലുള്ള ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഇവരുടെ സുഹൃത്തിനെ പാലക്കാട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്ഷീജ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതെന്നാണ് വിവരം. 

തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സ്വാമിനാഥന്‍ പോലീസിന് പരാതി നല്‍കിയിരുന്നത്. കുഴല്‍മന്ദം, കോട്ടായി, ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ സംയുക്തമായാണ് കേസില്‍ അന്വേഷണം നടത്തുന്നത്.