കാട്ടാന തകർത്ത സോളാർവേലി നന്നാക്കുന്ന ഐ. ഷംസുദ്ദീൻ, കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ കർഷകൻ ടി.സി. രാമകൃഷ്ണൻ | Photo: Mathrubhumi
പാലക്കാട്: ‘രാവിലെ പണിക്കുപോണം... നേരമിരുട്ടിയാൽ കാട്ടാനയ്ക്ക് കാവലിരിക്കണം...’ വർഷങ്ങളായി കുടുംബവുമായി കാട്ടാനപ്പേടിയിൽ കഴിയുന്ന ധോണി മൂലപ്പാടംസ്വദേശി ഐ. ഷംസുദ്ദീന്റെ വാക്കുകളിൽ പറഞ്ഞുപഴകിയ പരിഭവമുണ്ട്. മൂന്ന് പതിറ്റാണ്ടായി ധോണിയിലെ മലയടിവാരത്താണ് ലോറിഡ്രൈവറായ ഷംസുദ്ദീന്റെയും കുടുംബത്തിന്റെയും താമസം.
‘ഞാനും ഭാര്യയും ഒന്നും നാലും വയസ്സുള്ള രണ്ടുമക്കളുമാണ് വീട്ടിലുള്ളത്. വൈകുന്നേരം ആറുമണികഴിഞ്ഞാൽ കാട്ടാനയിറങ്ങും. അതിനാൽ വാതിലടച്ചാണ് ഇരിപ്പ്. നായ്ക്കളുടെ കുരകേട്ടാണ് ആനയിറങ്ങിയെന്ന് അറിയുക. ജനലിലൂടെ നോക്കിയാൽ ചിലപ്പോൾ വീടിനുമുന്നിൽ കാട്ടാന നിൽക്കുന്നതാവും കാണുക’
രണ്ടുദിവസം മുമ്പും ‘പി.ടി.-7’ (പാലക്കാട് ടസ്കർ ഏഴാമൻ) വീടിന്റെ മുറ്റത്തെത്തി. തെങ്ങുകളടക്കം കുത്തിമറിച്ചിട്ടു. ദിവസങ്ങളായി പേടികൊണ്ട് രാത്രി ഉറക്കമില്ലെന്ന് ഷംസുദ്ദീന്റെ ഭാര്യ ഷംനയും പറയുന്നു. വീടിനുചുറ്റും സ്വന്തംചെലവിൽ നിർമിച്ച സോളാർവേലി കാട്ടാന തകർത്തു. സുരക്ഷയ്ക്ക് സർക്കാരും ഒന്നും ചെയ്യുന്നില്ല. സ്ഥലം വിറ്റ് മറ്റെവിടെയെങ്കിലും പോകാമെന്നുവെച്ചാൽ കാട്ടാനയുള്ള സ്ഥലത്തിന് മതിയായ വിലയും കിട്ടുന്നില്ല -ഷംന പറഞ്ഞു.
അന്നം മുട്ടുന്നു; രാത്രികാവലും പേടി
‘‘മൂന്ന് വിളയിറക്കിയ സ്ഥലമാണിത്. ഇപ്പോൾ ഒരുവിളയേ ഉള്ളൂ. അടുത്തകൊല്ലം മുതൽ അതുംവേണ്ടെന്നുവെക്കാനാണ് തീരുമാനം.’’ കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽനിന്ന് നെൽക്കർഷകനായ ടി.സി. രാമകൃഷ്ണൻ സങ്കടത്തോടെ പറഞ്ഞു.
ധോണി രമ്യാനിവാസിൽ താമസിക്കുന്ന കർഷകന് ഒന്നരയേക്കറാണ് കൃഷി. കൊയ്യാൻ പത്തുദിവസം മാത്രമുള്ളപ്പോഴായിരുന്നു തിങ്കളാഴ്ചരാത്രി ‘പി.ടി.-7’ കൊന്പനെത്തി അരയേക്കറോളം നശിപ്പിച്ചത്. 40,000 രൂപയുടെയെങ്കിലും നഷ്ടമുണ്ട്. കൃഷിവകുപ്പിനോട് പറഞ്ഞാലും നഷ്ടപരിഹാരമൊന്നും കിട്ടാൻപോകുന്നില്ല. മുൻ അനുഭവങ്ങളിലെ പാഠം അതാണ്. ഷെഡ്ഡുകെട്ടി പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും ആന കൃഷിയിടത്തിലെത്താതെ നോക്കാറുണ്ടായിരുന്നു. ഒരുദിവസം ആന ഷെഡ്ഡ് തകർത്തു. ഒരുപക്ഷേ, അന്ന് ഷെഡ്ഡിലുണ്ടായിരുന്നെങ്കിൽ ജീവൻപോലും നഷ്ടപ്പെട്ടേനെ - രാമകൃഷ്ണൻ പറഞ്ഞു.
ആനപ്പാപ്പാനും ഉറക്കും കെടുന്നു
'ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം നാട്ടാനകളുടെ പാപ്പാനായിരുന്നു ധോണി ചേറുംകാട് കോളനയിലെ എ. കൃഷ്ണന്‍കുട്ടി. എന്നാല്‍, മാസങ്ങളായി കാട്ടാനയെ പേടിച്ച് ജീവിക്കേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. നാട്ടാനകളെപ്പോലെയല്ല കാട്ടാന. അവ നടക്കുന്നതുപോലും ശബ്ദമുണ്ടാക്കാതെയാണ്. പേടിപ്പിക്കുമ്പോള്‍ ആനകള്‍ പിന്മാറുന്നുണ്ടെങ്കിലും ജനങ്ങളെ കണ്ടുശീലമുള്ള കാട്ടാന മുന്നോട്ടുവരികയാണ്. പാപ്പാന് പണിയില്ലാത്ത ദിവസം ഞാന്‍ കൂലിപ്പണിക്ക് പോകാറുണ്ട്. ഒരുദിവസം പണിക്കുപോയി വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് അന്ന് ഓടിരക്ഷപ്പെട്ടത്'- കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഞങ്ങൾക്കും ജീവിക്കണ്ടേ...
‘കുട്ടികളെ സ്കൂളിലേക്കോ കടയ്ക്കോ അയയ്ക്കാൻ പേടിയാണ്. ദൂരസ്ഥലങ്ങളിൽ പണിക്ക് പോകാനും ഭയമാണ്. നേരമിരുട്ടിയാൽ മടങ്ങിവരുമ്പോൾ ചിലപ്പോൾ ചെന്നുപെടുക കാട്ടാനയ്ക്ക് മുന്നിലാവും’ -ധോണി മുതുകോട് സ്വദേശി മല്ലികയ്ക്കുമുണ്ട് പരാതികൾ.
പാടവരമ്പത്തൂടെ നടന്നുവേണം ഇവിടെയുള്ളവർക്ക് റോഡിലെത്താൻ. രാത്രി വെളിച്ചമില്ല. പണിയും പഠനവും കഴിഞ്ഞ് വീടുകളിലേക്ക് വരുന്നത് ജീവൻ കൈയിൽപ്പിടിച്ചാണ് -മല്ലിക പറഞ്ഞു.
വീടും പറമ്പുമുണ്ടായിട്ടും വാടകവീട്ടിൽ
-റിനീഷ് കൃഷ്ണൻ
പാലക്കാട്: ആലപ്പുഴക്കാരൻ റോയി മാത്യുവിന് ധോണി വെളുവാക്കുണ്ടിൽ അഞ്ചേക്കർ സ്ഥലമുണ്ടായിരുന്നു, അതിലൊരുവീടും. തെങ്ങും റബ്ബറും കവുങ്ങുമായി ആവശ്യത്തിന് കൃഷിയും വരുമാനവും. ഒരുദിവസം രാത്രി തിമിർത്തുപെയ്തമഴയിൽ വൈദ്യുതി നിലച്ചു. പുറത്ത് ഭയംജനിപ്പിക്കുന്ന ശബ്ദം. ടോർച്ചടിച്ചുനോക്കിയപ്പോഴാണ് വീടിന്റെ ജനാലയ്ക്കരികിൽ കാട്ടാനകളെ കണ്ടത്.
വാഴയും കവുങ്ങും പൂച്ചട്ടികളുമെല്ലാം ചവിട്ടി നിലംപരിശാക്കി. ഉറക്കെ നിലവിളിച്ചാലും കേൾക്കാനായി അടുത്തൊന്നും ആളില്ല. ആ രാത്രി വെളുപ്പിക്കാൻ റോയിമാത്യുവും കുടുംബവും പാടുപെട്ടു. പിന്നീട് ആ വീട്ടിൽ അധികനാൾ താമസിച്ചില്ല. ഭാര്യയെയും വിദ്യാർഥികളായ രണ്ടുമക്കളെയും കൂട്ടി, പെട്ടിയും കിടക്കയുമെടുത്ത് വീടുവിട്ടിറങ്ങി.
1987 മുതൽ ധോണി വെളുവാക്കുണ്ടിൽ കൃഷിയിൽനിന്നുള്ളവരുമാനംകൊണ്ട് ജീവിതം തള്ളിനീക്കിയവരാണ് റോയി മാത്യുവും കുടുംബവും. സ്വന്തമായി വീടുണ്ടായിട്ടും കാട്ടാനയെ പേടിച്ച് രണ്ടുകിലോമീറ്റർ അകലെ ധോണിയിലെ ജനവാസമേഖലയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. ഇപ്പോൾ ഇവിടെയും ആനയെത്തിത്തുടങ്ങി. കൃഷിയിടത്തിൽ പോകാൻ പേടിയായതോടെ പരിപാലനമില്ലാതായി. കൃഷിയിൽനിന്ന് വരുമാനവും കുറഞ്ഞു. കാട്ടാനശല്യം കാരണം പ്രദേശത്തുമാത്രം ആറുകുടുംബങ്ങളാണ് വീടുപേക്ഷിച്ചുപോയത്.

വൈകീട്ട് പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവി കാട്ടാനയ്ക്കുമുന്നിൽ അകപ്പെട്ടത്. “ഇരുട്ടുവീണുതുടങ്ങി. വീടിനടുത്തെത്തിയപ്പോഴാണ് വഴിക്കുകുറുകെ കാട്ടാന നിൽക്കുന്നത് കണ്ടത്. ഓർക്കാൻ വയ്യ, അവിടെനിന്ന് കഷ്ടിച്ചാണ് ഓടിരക്ഷപ്പെട്ടത്” ഭീതിയോടെയാണ് ആദിവസം രവി ഓർത്തെടുക്കുന്നത്. റോയി മാത്യുവിന്റെ വീടിനുസമീപത്തെ സ്ഥിരതാമസക്കാരനായിരുന്നു കൂലപ്പണിക്കാരനായ രവി. 10 സെന്റ് സ്ഥലത്ത് ഭാര്യയുമൊത്ത് ചെറിയൊരുവീട്ടിലായിരുന്നു താമസം. കാട്ടാനശല്യം കാരണം രണ്ടുവർഷംമുന്പ് വീടുപേക്ഷിച്ച് ദൂരെയുള്ള മകളുടെ വീട്ടിലേക്കുപോയി. കഴിഞ്ഞമാസമാണ് പനമ്പറ്റയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇപ്പോഴും കാട്ടാനശല്യത്തിന് കുറവില്ല. തൊട്ടടുത്ത പറമ്പിലെ പ്ലാവിലെ ചക്കതിന്നാൽ വീണ്ടും കാട്ടാനവരും. അധികനാൾ ഇവിടെ താമസിക്കാൻകഴിയില്ല. പക്ഷെ, ഇനിയെങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബവും.
സമീപത്തുതാമസിച്ചിരുന്ന കൃഷ്ണകുമാറും വർഷങ്ങൾക്കുമുമ്പ് വീടുപേക്ഷിച്ചു. മറ്റൊരിടത്തിപ്പോൾ സ്ഥിരതാമസമാക്കി. സമീപത്തുണ്ടായിരുന്ന ആന്റോയും ജൂലിയുമെല്ലാം നാടുവിട്ടു. ഇപ്പോഴും ഇവിടെത്തന്നെ തുടരുന്നവർ എങ്ങോട്ട് പോകുമെന്നറിയാതെ നെടുവീർപ്പിടുകയാണ്.
Content Highlights: palakkad dhoni wild elephant pt 7 fear families
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..