പാലക്കാട്:  ജില്ലയിലാകെ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചെന്ന് മന്ത്രി എ.കെ. ബാലന്‍. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും കോണ്‍ഗ്രസും ബി.ജെ.പിയും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നുവെന്നും അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടുമെന്നും അദ്ദേഹം പറഞ്ഞു.  

ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരന്‍ വരുന്നതോടുകൂടി ശ്രീധരന് അനുകൂലമായിട്ടുള്ള നിലപാട് എടുക്കും. കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്ക് കൊടുത്താലും തിരിച്ചായാലും ജില്ലയില്‍ എല്‍.ഡി.എഫിന്റെ ഒന്‍പത് സീറ്റ് നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വിഹിതം വര്‍ധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

:ജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ശ്രീധരന്‍ എണ്‍പത്തിയെട്ടാമത്തെ വയസില്‍ പാലക്കാട് മത്സരിക്കാന്‍ വരുന്നത്. അത് കോണ്‍ഗ്രസിന്റെ ഉറപ്പിനെ തുടര്‍ന്നാണ്. പിന്നാലെയാണ് ഞാനാകും മുഖ്യമന്ത്രി അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാകും മുഖ്യമന്ത്രിയെന്ന് ശ്രീധരന്‍ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

:സാധാരണ നിലയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാവ് പറയില്ലല്ലോ. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ ജയിക്കാന്‍ വേണ്ടി ഇവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അത് വ്യക്തമാണ്. കോണ്‍ഗ്രസും ബി.ജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു.: അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മലമ്പുഴയും പാലക്കാടുമെന്ന് അദ്ദേഹം പറഞ്ഞു. 

Content Highlights: Palakkad Congress-BJP vote-trading says AK Balan