വിജിലൻസ് പിടിച്ചെടുത്ത പണം ബക്കറ്റിൽ(ഇടത്ത്) പിടിയിലായ സുരേഷ്‌കുമാർ(വലത്ത്) | Screengrab: Mathrubhumi News
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സര്‍വീസില്‍നിന്ന് ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങിയ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായതിനാലും 1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം പോലീസ് വിജിലന്‍സ് വിഭാഗമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാളുടെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 35 ലക്ഷം പണമായും 71 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എണ്ണിതിട്ടപ്പെടുത്തിയത്. മാറാല പിടിച്ച മുറിക്കുള്ളിലാണ് 35 ലക്ഷം രൂപയും കിലോക്കണക്കിന് നാണയങ്ങളും സൂക്ഷിച്ചിരുന്നത്. 150 പേനകളും പത്തുലിറ്റര്‍ തേനും ഒരുചാക്ക് കുടംപുളിയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.
വന്‍തോതില്‍ കൈക്കൂലി വാങ്ങിയിട്ടും വളരെ ലളിതമായ ജീവിതരീതിയായിരുന്നു ഇയാളുടേത്. പ്രതിമാസം 2,500 രൂപ വാടകയുള്ള ഒറ്റമുറിയിലായിരുന്നു സുരേഷ്‌കുമാറിന്റെ താമസം. 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന ഇയാള്‍, പത്തുവര്‍ഷമായി ഈ വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്.
എന്ത് ആവശ്യത്തിന് സമീപിച്ചാലും കൈക്കൂലി ചോദിച്ച് വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷ് കുമാര്‍ വാങ്ങിയിരുന്ന കൈക്കൂലി. ചിലരില്‍നിന്ന് പതിനായിരം രൂപവരെ ഇയാള്‍ ചോദിച്ചുവാങ്ങിയിരുന്നതായും വീടുകളില്‍ കയറിയിറങ്ങി കൈക്കൂലി വാങ്ങിച്ചതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
Content Highlights: palakkad bribery case, village assistant sureshkumar suspended


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..