Photo: Mathrubhumi
പാലക്കാട്: നഗരമധ്യത്തിൽ കാർതട്ടി നിയന്ത്രണംവിട്ട ബൈക്ക് എതിരെവന്ന ബസിനടിയിലേക്കു വീണ് ബൈക്ക് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണ്. കൊട്ടേക്കാട് കരിമൻകാട് ഓമനയാണ് (55) മരിച്ചത്. ഭർത്താവ് വയ്യാപുരി (60) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ താരേക്കാട് മോയൻ സ്കൂളിനുസമീപമാണ് അപകടം. നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുകയായിരുന്നു ഓമനയും വയ്യാപുരിയും. ഹെഡ്പോസ്റ്റോഫീസ് ഭാഗത്തുനിന്ന് താരേക്കാട് ജങ്ഷനിലേക്കു വരികയായിരുന്ന ഇവരുടെ ബൈക്കിൽ പൂമാർക്കറ്റിൽനിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന കാർ തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിയന്ത്രണംവിട്ട ബൈക്ക്, എതിർദിശയിൽ വരുകയായിരുന്ന ബസിനടിയിലേക്കുവീണു. വീഴ്ചയിൽ ഓമനയുടെ തലയ്ക്കുമീതെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വയ്യാപുരിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഓമന മരിച്ചു. വയ്യാപുരിയെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും രക്ഷാപ്രവർത്തനം നടത്തി. സമീപത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അപകടത്തിനിടയാക്കിയ കാർ ഡ്രൈവിങ് സ്കൂളിന്റേതാണ്. അശ്രദ്ധമായി കാർ ഓടിച്ചതിന് പോലീസ് കേസെടുത്തു.
ഓമനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം പാലന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകളും മരുമകനും എത്തിയശേഷം ബുധനാഴ്ച സംസ്കാരം നടക്കും. കൊട്ടേക്കാട് ക്ഷീരസംഘം റിട്ട. ജീവനക്കാരനാണ് വയ്യാപുരി. ഓമന വീട്ടമ്മയാണ്. മക്കൾ: ആതിര, ആദർശ്. മരുമകൻ: സജിത്ത്.
കണ്ണീരിലാണ്ട് കരുമൻകാട്
പാലക്കാട്: കൊട്ടേക്കാട് കാളിപ്പാറയിൽനിന്ന് വടക്കോട്ടുള്ള ഒറ്റയടിപ്പാത എത്തിനിൽക്കുന്ന കോരയാർപ്പുഴയുടെ കരുമൻകാട് കടവിൽ ചൊവ്വാഴ്ച മൗനം തളംകെട്ടിനിന്നു. പുഴക്കരികിലെ ‘ആതിര’യെന്ന വീട്ടിൽനിന്ന് സമ്മാനപ്പൊതിയുമായി രാവിലെ പോയ ഓമന നാടിനാകെ സമ്മാനിച്ചത് വലിയൊരു സങ്കടക്കെട്ട്. കരുമൻകാട്ടിലെ തന്നെ ഒരു കുടുംബത്തിലെ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവുമൊത്ത് പോകുമ്പോഴായിരുന്നു അപകടം. ‘‘വാർത്ത കേട്ടയുടൻ എല്ലാവരും അല്പനേരം തരിച്ചിരുന്നു. തലേന്ന് വൈകീട്ടും ആഘോഷച്ചടങ്ങിൽ പോകേണ്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോൾ സമ്മാനവുമായി ഞങ്ങൾ എത്താമെന്ന് പറയുകയും ചെയ്തു’’ -ഓമനയുടെ കൂട്ടുകാരി വത്സല ഓർത്തു.
നാട്ടിലെ ഏതു പരിപാടിക്കും മുന്നിലുണ്ടാകും ഓമന. ‘കാരുണ്യ’ കുടുംബശ്രീ അംഗമെന്ന നിലയിൽ വിപുലമായ വനിതാക്കൂട്ടായ്മയിലും പങ്കുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ ഫ്രീസറിലാണെങ്കിലും ചൊവ്വാഴ്ച വൈകുംവരെ സ്ത്രീകളുടെ വലിയ സാന്നിധ്യം വീട്ടിലുണ്ടായിരുന്നു. നേരത്തെ ഒരപകടത്തിൽ പരിക്കേറ്റ ഭർത്താവ് വയ്യാപുരിക്ക് ഓമന താങ്ങും തണലുമായി നിന്നു. പാൽസംഭരണവും വിതരണവുമായി നടന്നിരുന്ന വയ്യാപുരി അടുത്തിടെയാണ് ആ ജോലിയിൽനിന്ന് വിരമിച്ചത്.
മകൻ ആദർശ് െബംഗളൂരുവിൽ പുതിയ ജോലിയിൽ ഇപ്പോൾ പ്രവേശിച്ചതേയുള്ളൂ. മകൾ ആതിര ഭർത്താവുമൊത്ത് ദുബായിലാണ് താമസം.
Content Highlights: palakkad accident death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..