കോട്ടയം: പാലായിലെ സീറ്റ് സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ച നടന്നിട്ടില്ലെന്ന്‌ ജോസ് കെ. മാണി. ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കുമെന്നും ജോസ് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച്‌ മുന്നോട്ടുപോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും ജോസ് കെ. മാണി ആവർത്തിച്ചു.

കേരള കോൺഗ്രസ് പാർട്ടിയെ ഒരു ലോക്കൽ പദവിക്ക് വേണ്ടി ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണ്. അതിനു ശേഷം പാർട്ടി ഒരു സ്വതന്ത്ര നിലപാട് എടുത്തു. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുവാനും അതിന്റെ ഒരു ഘടകകക്ഷിയാകുവാനുമുളള തീരുമാനമെടുത്തു.

കേരള കോൺഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ഇടതിന്റെ പ്രവർത്തനമികവുകളുമായി ചേർന്നു പോകുന്നതാണെന്നും ലൈഫ് പദ്ധതിയുൾപ്പടെയുളള ജനക്ഷേമപദ്ധതികളെ ചൂണ്ടിക്കാട്ടി ജോസ് പറഞ്ഞു.

Content Highlights:Pala seat; the discussion not started yet says Jose K Mani