പിടിവിടാതെ... പാലാ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സ്വാതന്ത്രഅംഗം ജോസിൻ ബിനോയെ അഭിനന്ദിക്കുന്ന സി.പി.എം. അംഗം ബിനു പുള്ളിക്കകണ്ടം. ബിനുവിനെ അവഗണിച്ചാണ് ജോസിനെ തിരഞ്ഞെടുത്തത് | ഫോട്ടോ: ഇ.വി. രാഗേഷ്
കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണിയിലേക്കെത്തുമ്പോള്‍ സി.പി.എം. ജോസ് കെ. മാണിക്ക് കൊടുത്ത ഉറപ്പുകള്‍തന്നെയാണ് പാലാ നാടകത്തില്‍ നിര്‍ണായകമായത്. 'ആവശ്യമുള്ളപ്പോള്‍ ചോദിച്ചോളാം' എന്ന ഉറപ്പില്നേടിയ 'വര'ങ്ങള്. അതിലൊന്ന് ഇപ്പോള്‍ സി.പി.എം. നേതൃത്വത്തെ വെട്ടിലാക്കി. എങ്കിലും പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.
ജോസിന്റെ ആഗ്രഹം സാധിച്ചപ്പോള്‍ പാലാ നഗരസഭയിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ജയിച്ച ഏക അംഗം ബിനു പുളിക്കകണ്ടത്തിന് അധ്യക്ഷപദം നിഷേധിക്കപ്പെട്ടു. ജോസിനെ തള്ളി തീരുമാനം വേണ്ടെന്ന് സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചതും നിര്‍ണായകമായി.
2020-ലെ തദ്ദേശതിരഞ്ഞെടുപ്പിനുമുമ്പ് അന്ന് സി.പി.എം. ജില്ലാസെക്രട്ടറിയായിരുന്ന വി.എന്‍. വാസവനും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണിയും തമ്മിലാണ് ചര്‍ച്ചനടന്നത്. മുന്നണിപ്രവേശനം ഉറപ്പിച്ച ചര്‍ച്ച.
തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ജില്ലകളില്‍ കൂടുതല്‍ സീറ്റ്, കോട്ടയത്ത് തദ്ദേശത്തിലും നിയമസഭയിലും പാര്ട്ടിബലത്തിന് ആനുപാതികമായ പരിഗണന, തട്ടകമായ പാലായില്‍ മുന്നണിയില്‍ ഒന്നാംസ്ഥാനം, പാലായിലെ തീരുമാനങ്ങളില്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുത്തു പോകണം -ഇവയായിരുന്നു കേരള കോണ്‍ഗ്രസ് ചോദിച്ച വരങ്ങള്‍.
തദ്ദേശത്തിലെ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ പരിഗണന നല്‍കുന്നെന്ന് സി.പി.ഐ. ആക്ഷേപം ഉന്നയിച്ചത് വെറുതേയായി. പാലായിലും മറ്റുപല തദ്ദേശസ്ഥാപനങ്ങളിലും ഇതാദ്യമായി ഇടതുമുന്നണി അധികാരത്തില്‍വന്നത് കേരള കോണ്‍ഗ്രസ് ഒപ്പം വന്നതോടെയാണെന്ന് സി.പി.എം. മറുപടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ പരിഗണന കേരള കോണ്‍ഗ്രസിന് കിട്ടി.
പാര്‍ട്ടി തീരുമാനിക്കേണ്ട സ്വന്തംകാര്യങ്ങളില്‍ ഘടകകക്ഷികളുടെ ഇടപെടല്‍ സി.പി.എം. അധികം അംഗീകരിക്കാറില്ല. ഇപ്പോള്‍ പാലായില്‍ അതുംതെറ്റി. പദവികള്‍ അതതുപാര്ട്ടികള് നിശ്ചയിക്കണമെന്ന് സി.പി.ഐ. ജില്ലാസെക്രട്ടറി വി.ബി. ബിനു പറഞ്ഞെങ്കിലും സി.പി.എമ്മിന് കേരള കോണ്‍ഗ്രസ് ആവശ്യം തള്ളാന്കഴിഞ്ഞില്ല.
പാലായില്‍ അധ്യക്ഷപദം സി.പി.എമ്മിന് കൈമാറാമെങ്കിലും ആളെ തങ്ങളുടെ ഇഷ്ടംകൂടി നോക്കി തീരുമാനിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിബന്ധനവെച്ചു. മുന്നണിക്കുള്ളില്‍ രണ്ടാംസ്ഥാനം തങ്ങള്‍ക്കെന്ന് അംഗബലത്തിന്റെ കണക്കുകാട്ടിയാണ് കേരള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.
കാലം മറുപടിപറയും
പാലാ: നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്ന സി.പി.എം. അംഗം ബിനു പുളിക്കക്കണ്ടം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ പ്രസംഗം കേരള കോണ്‍ഗ്രസ് (എം.) നേതാവ് ജോസ് കെ. മാണിക്കെതിരായ വിമര്‍ശനം നിറഞ്ഞതായിരുന്നു.
''ജോസ് കെ. മാണി തെറ്റായ കീഴ്വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റൊരു പാര്‍ട്ടിയുടെ ചെയര്മാന്സ്ഥാനാര്ഥിനിര്ണയത്തില് ഇടപെട്ടു. പാലാ നിയോജകമണ്ഡലത്തിലെ രാഷ്ട്രീയത്തില്‍ ഇതിന്റെ പ്രതികരണങ്ങളുണ്ടാകും. ജോസ് കെ. മാണിയുടേത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.
കെ.എം. മാണി സഹിഷ്ണുതയുടെ സന്ദേശം പകര്‍ന്നാണ് പാലായില്‍ അജയ്യനായിനിന്നതെന്ന് മറക്കരുത്. പാലാ നഗരസഭയുടെ അധ്യക്ഷപദവിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നഗരസഭയില്‍ ചെങ്കൊടിപാറുന്നത് സ്വപ്നംകണ്ട ആയിരക്കണക്കിന് സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസമാണിത്.
അഗ്നിപരീക്ഷ, ഒടുവില്‍ ചരിത്രം
കോട്ടയം: നഗരസഭയുടെ ചരിത്രത്തില്‍ സി.പി.എമ്മിന് ആദ്യ അധ്യക്ഷപദവിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചയാളെ അധ്യക്ഷനാക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയി. സ്വതന്ത്ര അംഗം ജോസിന് ബിനോ നഗരസഭാ അധ്യക്ഷയാകുന്നത് ജോസ് കെ. മാണിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന ആരോപണവും ബാക്കിയായി.
നിയമസഭാതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായുണ്ടായ അസ്വാരസ്യവും പ്രചാരണം നടക്കുന്ന സമയത്ത് പാലാ നഗരസഭാ യോഗത്തില്‍ ബിനു പുളിക്കകണ്ടം കേരള കോണ്‍ഗ്രസ് അംഗത്തെ മര്‍ദിച്ചതും വിവാദമായി. അന്നുമുതല്‍ ജോസ് കെ. മാണിക്ക് അനഭിമതനാണ് ബിനു.
26 അംഗ സഭയില്‍ ജോസിന് ബിനോയ്ക്ക് 17 വോട്ടും കോണ്‍ഗ്രസിലെ വി.സി. പ്രിന്‍സിന് ഏഴുവോട്ടും കിട്ടി. ഒരംഗം വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാവ് സതീഷ് ചെള്ളാനിയുടെ വോട്ട് അസാധുവായി.ബുധനാഴ്ച രാത്രി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ബിനുവിനെ ഒഴിവാക്കാനും ജോസിന് ബിനോയെ സ്ഥാനാര്‍ഥിയാക്കാനും നിശ്ചയിച്ച് പാലാ ഏരിയാകമ്മിറ്റിയെ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ തീരുമാനം സ്വന്തം കൗണ്‍സിലര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തശേഷം കേരള കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു. ബിനുവിനെ ഒഴിവാക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചശേഷം മാത്രമാണ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടത് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിനെത്തിയത്.
പാര്‍ട്ടി ഇടപെട്ടിട്ടില്ല-ജോസ് കെ. മാണി
കോഴിക്കോട്: പാലാ നഗരസഭാ ചെയര്‍മാനെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ. മാണി. അവിടെ എല്‍.ഡി.എഫ്. ഒറ്റക്കെട്ടായി ചെയര്‍മാനെ തിരഞ്ഞെടുത്തുകഴിഞ്ഞു. ബിനു പുളിക്കക്കണ്ടത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിനല്കുന്നില്ല. ബഫര്‍സോണാണ് ഇപ്പോഴത്തെ പ്രധാനവിഷയമെന്നും പാലായിലെ കാര്യങ്ങള്‍ പ്രാദേശികവിഷയം മാത്രമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
തുടര്‍ന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും ചെയര്‍മാനെതിരേ പല ആരോപണങ്ങളും ബിനു പുളിക്കക്കണ്ടം ഉന്നയിച്ചിട്ടുണ്ടെന്നും അന്നും കേരളാ കോണ്‍ഗ്രസ് (എം) അതിന് മറുപടിനല്കിയിരുന്നില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. പാലായിലെ സി.പി.എം. നേതാവായ ബിനുവിനെതിരേ നടപടിയെടുക്കണമോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്. -സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
പ്രതിഷേധിക്കാന്‍ കറുത്തവസ്ത്രം
ഇനി പോരാട്ടത്തിന്റെ നാളുകളെന്ന് വ്യക്തമാക്കി പതിവ് വെള്ളവസ്ത്രം ഉപേക്ഷിച്ച് കറുത്ത ഷര്‍ട്ടിട്ട് കൗണ്‍സിലിലെത്തിയ ബിനു അധ്യക്ഷയെ അഭിനന്ദിച്ച പ്രസംഗത്തില്‍ ജോസ് കെ. മാണിക്കെതിരേ ആഞ്ഞടിച്ചു. ശുഭ്രവസ്ത്രം ഉപേക്ഷിച്ചത് ചതിയുടെ ദിനം ഓര്‍മിക്കാനാണ്. പാലായില്‍ നാളെ റോഷി അഗസ്റ്റിന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്ന് മറ്റുകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ അതിന് ജോസ് കെ. മാണി അനുവാദം നല്‍കുമോയെന്ന് ബിനു ചോദിച്ചു.
ജോസ് വരച്ച വരയില്‍ സി.പി.എം.
പാലാ: നഗരസഭാധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം. കണ്ടുവെച്ച നേതാവിനെ വെട്ടിമാറ്റിച്ച് ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിപ്രകടനം.
ജോസ് കെ. മാണിയുടെ വാശിക്ക് വഴങ്ങിയ സി.പി.എം., ചെയര്‍മാനാകുമെന്ന് കരുതിയ ബിനു പുളിക്കകണ്ടത്തിനെ ഒഴിവാക്കി പാര്‍ട്ടി സ്വതന്ത്രാംഗം ജോസിന് ബിനോയെ സ്ഥാനാര്‍ഥിയാക്കി. വ്യാഴാഴ്ചനടന്ന തിരഞ്ഞെടുപ്പില്‍ ജോസിന് തിരഞ്ഞെടുക്കപ്പെട്ടു.
75 വര്‍ഷമായ പാലാ നഗരസഭയില്‍ ഇതാദ്യമായാണ് സി.പി.എമ്മിന് അധ്യക്ഷപദവി ലഭിക്കുന്നത്. ആറു അംഗങ്ങളുള്ള സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ബിനു മാത്രമാണ് ചിഹ്നത്തില്‍ ജയിച്ചുവന്നയാള്‍.
ബിനു പുളിക്കകണ്ടം ചെയര്മാനാകരുതെന്ന് കേരള കോണ്‍ഗ്രസ് (എം), സി.പി.എം. സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരേ ബിനു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്.
Content Highlights: Pala municipality kerala congress m jose k mani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..